ഐഎസ്‌ഐയുമായി സംസാരിക്കും, പക്ഷേ പ്രതിപക്ഷവുമായി സാധ്യമല്ല; കേന്ദ്ര സർക്കാരിനെതിരേ പ്രിയങ്കാ ഗാന്ധി
ന്യൂഡൽഹി: പ്രതിപക്ഷവുമായി ആശയസംവാദത്തിനു തയ്യാറല്ലാത്ത കേന്ദ്ര സർക്കാർ നയത്തെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്ര. കേന്ദ്ര സർക്കാർ പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്‌ഐയുമായി സംസാരിക്കാൻ തയ്യാറാണെങ്കിലും പ്രതിപക്ഷനേതാക്കളുമായി സംസാരിക്കാൻ തയ്യാറല്ലെന്ന് പ്രിയങ്ക വിമർശിച്ചു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് ആശയ വിനിമയത്തിനു തയ്യാറാല്ലാത്ത കേന്ദ്ര നയത്തിനെതിരേയാണ് പ്രിയങ്ക രംഗത്തുവന്നിരിക്കുന്നത്.
ഈ സർക്കാർ ഇന്റർ സർവീസ് ഇന്റലിജൻസുമായി സംസാരിക്കും. അവർ ഐഎസ്‌ഐയുമായി ദുബയിൽ വച്ച് സംസാരിച്ചു. എന്തുകൊണ്ട് പ്രതിപക്ഷനേതാക്കളുമായി സംസാരിച്ചുകൂടാ? പോസിറ്റീവും നിർമാണാത്മകവുമായ നിർദേശങ്ങൾ സർക്കാരിന് നൽകാത്ത ഒരു നേതാവുപോലും പ്രതിപക്ഷത്തില്ലെന്നാണ് ഞാൻ കരുതുന്നത്- പ്രിയങ്ക എഎൻഐയുമായ നടത്തിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പ്രധാനമന്ത്രി തന്റെ പിആർ പ്രദർശനങ്ങൾ നിർത്തി പ്രതിപക്ഷമായും ജനങ്ങളുമായും സംവദിക്കാൻ തയ്യാറാവണമെന്നും പ്രിയങ്ക പറഞ്ഞു. മൻമോഹൻസിങ് പത്ത് വർഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. എത്ര ബഹുമാന്യനായ വ്യക്തിയാണ് അദ്ദേഹമെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹം എന്തെങ്കിലും നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിൽ അത് അർഹിക്കുന്ന ബഹുമാനത്തോടെ പരിഗണിക്കപ്പെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
വാക്‌സിൻ നൽകുന്ന എണ്ണത്തിലല്ല എത്ര ശതമാനം പേർക്ക് വാക്‌സിൻ നൽകിയെന്നതിൽ ശ്രദ്ധപതിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മൻമോഹൻ സിങ് പ്രധാനമന്ത്രിയോട് കത്തുവഴി നിർദേശിച്ചിരുന്നു. തന്റെ സഹായവും മൻമനോഹൻ സിങ് പ്രധാനമന്ത്രിക്ക് ഉറപ്പുനൽകി. ജനങ്ങൾ മരിച്ചുവീഴുകയാണ്. ഇത് മനുഷ്യജീവന്റെ പ്രശ്‌നമാണ്. ഇതിനിടയിലും ബിജെപി ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്നും പ്രിയങ്ക വിമർശിച്ചു.