CovidLatest NewsNationalNews

ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണം 5000 കടക്കുമെന്ന് യുഎസ് ഏജന്‍സി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മേയ് പകുതിയോടെ ഇന്ത്യയില്‍ കോവിഡ് മരണ സംഖ്യ പ്രതിദിനം 5,600 ആയി ഉയരുമെന്ന് യുഎസ് ഏജന്‍സിയുടെ പഠനങ്ങള്‍ . വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍(ഐഎച്ച്‌എംഇ)നടത്തിയ കോവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍ .

ഏപ്രില്‍ – ആഗസ്റ്റ് കാലയളവില്‍ മാത്രം മൂന്നുലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടേക്കാം. ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കോവിഡ് 19 അഞ്ചാമത്തെ മരണകാരണമായി മാറാമെന്നും ഐഎച്ച്‌എംഇ മുന്നറിയിപ്പു നല്‍കുന്നു. അതെ സമയം ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ യജ്ഞത്തിന്
കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയും പഠനങ്ങളിലുണ്ട് .

തുടര്‍ന്നുള്ള ആഴ്ചകളില്‍ രാജ്യത്തെ മഹാമാരി വളരെ രൂക്ഷമായി ബാധിക്കും. മെയ് 10 ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുളള പ്രതിദിന മരണനിരക്ക് 5600 ആയി ഉയരും. ഏപ്രില്‍ 12-നും ഓഗസ്റ്റ് ഒന്നിനുമിടയില്‍ 3,29,000 പേര്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടേക്കാം. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും- ഏപ്രില്‍ 15ന് പുറത്തിറക്കിയ പഠനങ്ങള്‍ വിലയിരുത്തുന്നു .

അതെ സമയം സെപ്റ്റംബര്‍ 2020 മുതല്‍ ഫെബ്രുവരി 2021 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെയും മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍മാസത്തോടെ രോഗവ്യാപനം വീണ്ടും കുതിച്ചുയര്‍ന്നു . 2020 സെപ്റ്റംബറില്‍ കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്നപ്പോള്‍ ഉളളതിനേക്കാള്‍ ഇരട്ടിയാണ് ഏപ്രിലില്‍ പോസിറ്റിവായ കേസുകളുടെ എണ്ണം.

ഏപ്രിലിലെ ആദ്യ രണ്ടാഴ്ചക്കുള്ളില്‍ പ്രതിദിനം സ്ഥിരീകരിച്ച പുതിയ കേസുകള്‍ 71 ശതമാനവും പ്രതിദിനമരണനിരക്ക് 55 ശതമാനവും വര്‍ധിച്ചു. ജനങ്ങള്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതും കൂടി ചേരലുകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ പങ്കെടുത്തതുമാണ് കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമായതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു .

അതെ സമയം 24 മണിക്കൂറിനിടയില്‍ കോവിഡ് കേസുകളുടെ എണ്ണം ഏപ്രില്‍ ആദ്യവാരത്തില്‍ ശരാശരി 1,33,400 ആയി ഉയര്‍ന്നു. മാര്‍ച്ച്‌ അവസാനവാരത്തില്‍ ഈ കണക്ക് 78,000 ആയിരുന്നു. ഒപ്പം മരണനിരക്ക് ശരാശരി 970 ല്‍ നിന്ന് 1500 ആയി ഉയര്‍ന്നു. നിലവില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷമാണ് രേഖപ്പെടുത്തുന്നത് . രണ്ടായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button