ജീവനക്കാർക്കിടയിൽ അതിവേഗ കൊറോണ വ്യാപനം; റെയിൽവേയ്ക്കു വെല്ലുവിളി
ന്യൂ ഡെൽഹി: കൊറോണ രണ്ടാംതരംഗത്തിനിടയിൽ പ്രതിസന്ധിയിലായി റെയിൽവേ. പാസഞ്ചർ, ചരക്ക് ട്രെയിനുകൾ ഓടിക്കുന്ന ജീവനക്കാർക്കിടയിൽ അതിവേഗത്തിലാണ് കൊറോണ പടർന്നു പിടിക്കുന്നത്. ഏതാനും ആഴ്ചകളിലായി 93,000ൽ ഏറെ ജീവനക്കാർക്കു കൊറോണ ബാധിച്ചു.
രണ്ടാം തരംഗത്തിൽ രാജ്യം കനത്ത പ്രതിസന്ധി നേരിടുമ്പോൾ സർവിസുകൾ മുടങ്ങാതിരിക്കാൻ ജീവനക്കാരെ സമർഥമായി ഉപയോഗിക്കുകയയാണ് റെയിൽവേ. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്കു മടങ്ങുന്നതിന്റെയും വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ എത്തിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ. ഓക്‌സിജൻ വഹിക്കുന്ന ടാങ്കറുകളടങ്ങിയ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ തുടക്കമിട്ടിരിക്കുകയാണ് റെയിൽവേ. ഇതിനിടയിൽ കൊറോണ ബാധിച്ച് ജീവനക്കാരുടെ സേവനത്തിൽ കുറവുണ്ടാകുന്നത് റെയിൽവേയ്ക്കു വെല്ലുവിളിയാകും.
“ഏകദേശം 93,000 റെയിൽവേ ജീവനക്കാർക്ക് കൊറോണ ബാധിച്ചു. എല്ലാവർക്കും ആശുപത്രിയിൽ കിടന്നുള്ള ചികിത്സ ആവശ്യമില്ല. ചിലരുടെ ജീവനും ഞങ്ങൾക്കു നഷ്ടപ്പെട്ടു. ഡ്രൈവർമാർ, ഗാർഡുകൾ, പരിപാലകർ, സ്റ്റേഷൻ മാസ്റ്റേർമാർ, ടിടിഇകൾ എന്നിവരുൾപ്പെടുന്ന മുൻനിര പ്രവർത്തകരുമായി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കൊറോണ പോസിറ്റീവായ ജീവനക്കാരും അവരുടെ ഗുണഭോക്താക്കളുടെയും ചികിത്സയ്ക്കായി ഇന്ത്യൻ റെയിൽവേയുടെ 72 ആശുപത്രികൾ നീക്കിവച്ചിട്ടുണ്ട്. അയ്യായിരത്തിലധികം കിടക്കകൾ ഇങ്ങനെ നീക്കിവച്ചിട്ടുണ്ട്,” റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ പറഞ്ഞു.
റെയിൽവേയിൽ 12 ലക്ഷത്തോളം ജീവനക്കാരുണ്ടെങ്കിലും, പാസഞ്ചർ, ചരക്ക് ട്രെയിനുകളുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധമുള്ള മുൻനിര തൊഴിലാളികളാണ് രോഗബാധിതരിൽ ഭൂരിഭാഗവും. “നിങ്ങൾ കാണുന്ന കണക്കുകൾ റെയിൽവേ ആശുപത്രികളിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തവരുടേതാണ്. യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കാം. കൊറോണ ബാധ കാരണം റെയിൽവേ സമ്മർദ്ദത്തിലാണ്,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.