25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികളില്‍ അമിത തുക ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പലയിടത്തും പലവിധത്തില്‍ തുകയീടാക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ഏകോപനമുണ്ടാകണമെന്നുമായിരുന്നു സര്‍ക്കാര്‍ ആവശ്യം.
എന്നാല്‍ സര്‍ക്കാര്‍ ആവശ്യം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് തള്ളി. എല്ലാ ആശുപത്രികളിലും ഒരേ നിരക്ക് പറ്റില്ലെന്നതാണ് ഇവര്‍ യോഗത്തെ അറിയിച്ചത്. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നാണ് അസോസിയേഷന് നിലപാട്. അമിത തുക ഈടാക്കി എന്ന പരാതി ഉണ്ടായാല്‍ പരിഹരിക്കാന്‍ ജില്ലാതല സമിതി രൂപീകരിക്കണം. കലക്ടര്‍ , ഡി.എം.ഒ, ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹി എന്നിവര്‍ അംഗങ്ങളായ സമിതി അത് പരിശോധിച്ച് നടപടി എടുക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
ആശുപത്രികളിലെ 25 ശതമാനം കിടക്കകളും കൊവിഡ് ചികിത്സക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കിടക്കകളും ചികിത്സയും ഒരുക്കാം എന്ന് സമ്മതിച്ച മാനേജ്മെന്റ് അസോസിയേഷന് പക്ഷെ ചികിത്സകള്‍ക്ക് ഒരേ നിരക്ക് ഈടാക്കാന്‍ ആകില്ലെന്ന് അറിയിച്ചു. പരമാവധി ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് നല്കി. നിലവില്‍ 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതില്‍ 137 ആശുപത്രികള്‍ ആണ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ കൊവിഡ് ചികിത്സ നല്‍കുന്നത്. ബാക്കിയുള്ള ആശുപത്രികള്‍ കൂടെ സഹകരിക്കണമെന്നും കുറഞ്ഞത് 25 % കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്ക് കൂടി ആശ്രയിക്കാന്‍ പറ്റുന്ന തരത്തില്‍ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകണം. ആംബുലന്‍സ് സേവനം ഉറപ്പാക്കണം.ഏകോപനം ഉറപ്പിക്കാന്‍ 108 ആംബുലസ് സര്‍വിസുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.