കൊറോണ കേസുകളും മരണനിരക്കും ഉയരുന്നു: ഡെൽഹിയിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടിയേക്കും
ന്യൂ ഡെൽഹി: ഓരോ ദിവസവും കൊറോണ കേസുകളും മരണനിരക്കും ഡെൽഹി കുതിച്ചുയരുകയാണ്. അതുകൊണ്ടുതന്നെ ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും. ഡെൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഡെൽഹിയിൽ പുതുതായി രോഗബാധിതരായത്.
ഡെൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ലോക്ക്ഡൗൺ നീട്ടിയുള്ള ഉത്തരവ് ഇന്ന് വൈകിട്ടോടെ പുറത്തിറക്കിയേക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കൊറോണ രോഗബാധ കുത്തനെ ഉയരുന്നത് പിടിച്ചുകെട്ടാൻ കടുത്ത നടപടികളിലേക്ക് പോവുകയല്ലാതെ വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ, ഡെൽഹിയിലെ ആശുപത്രികൾ പലതും ഇപ്പോഴും ഓക്സിജൻ ലഭ്യത ഇല്ലാതെ ശ്വാസം മുട്ടുന്ന കാഴ്ചയാണ് കാണാനാവുന്നത്. മിക്ക ആശുപത്രികളിലെയും മുതിർന്ന ഡോക്ടർമാർ അടക്കം ഓക്സിജൻ എങ്ങനെയെങ്കിലും എത്തിച്ചുതരണമെന്ന അഭ്യർത്ഥനയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന കാഴ്ചകൾ കണ്ടു.