Kerala NewsLatest NewsNationalNewsUncategorized

സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം: ചീഫ് ജസ്റ്റിസിന് കേരളത്തിലെ 11 എം.പി മാരുടെ കത്ത്

ന്യൂ ഡെൽഹി: മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച്‌ അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡെൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് കേരളത്തിലെ എം.പി മാർ കത്തയച്ചു. പതിനൊന്ന് എം.പിമാർ സംയുക്തമായാണ് കത്ത് നൽകിയത്.

ഉത്തർപ്രദേശിലെ മഥുര മെഡിക്കൽ കോളേജിൽ കൊറോണ പൊസീറ്റിവായ ചികിത്സയിൽ കഴിയുന്ന സിദ്ധീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നതെന്നും കത്തിൽ എം.പിമാർ ചൂണ്ടിക്കാട്ടുന്നു. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല.

സിദ്ദീഖ് കാപ്പൻ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 5 നാണ് അദ്ദേഹം മഥുരയിൽ വച്ച്‌ അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണം.

എം.പിമാരായ കെ.സുധാകരൻ, കെ. മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യഹരിദാസ്, ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻ.കെ പ്രേമചന്ദ്രൻ, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button