‘കേരളം പൊളിയല്ലേ’; ഡല്‍ഹിയിലേക്കും പ്രാണവായു എത്തിക്കാനൊരുങ്ങി കേരളം
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിക്ക് സഹായമെത്തിക്കാന്‍ കേരളം ഒരുങ്ങു. ഇന്ത്യയില്‍ ഓക്‌സിജന്‍ അധികമായി ഉല്‍പാദിപ്പിക്കുന്ന ഒരേ ഒരു സംസ്ഥാനമായ കേരളത്തോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഡല്‍ഹി മലയാളി സംഘടനകളും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സിജന്‍ എത്തിക്കാന്‍ കേരളം ഒരുങ്ങിയത്.
ഓക്‌സിജന്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും അനുഭാവപൂര്‍വമായ നിലപാടെടുത്തിരുന്നു. എന്നാല്‍, ഓക്സിജന്‍ നല്‍കാന്‍ കേരളം സന്നദ്ധമാണെങ്കിലും അതു ഡല്‍ഹിയിലെത്തിക്കലാണ് തങ്ങള്‍ക്കു മുന്നിലുള്ള വെല്ലുവിളിയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടര്‍ചര്‍ച്ചകള്‍ നടന്നു വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അരവിന്ദ് കേജ്‌രിവാളിന്റെ കത്തു ലഭിച്ചയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള സാദ്ധ്യതകള്‍ ആരായണമെന്ന് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൊവിഡ് ഭീതിയുള്ള ഡല്‍ഹിയില്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസംസ്‌കൃതി എന്ന ഡല്‍ഹിയിലെ മലയാളി സംഘടന കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഡല്‍ഹി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്കയച്ച കത്തില്‍ ജനസംസ്‌കൃതി അഭ്യര്‍ത്ഥിച്ചു. ഇതിനു പിന്നാലെ, മലയാളിക്കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവര്‍ക്ക് കത്തയച്ചു.