മുംബൈയിൽ സോണിയയെയും രാഹുലിനെയും രൂക്ഷമായി പരിഹസിച്ച് പരസ്യം; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
മുംബൈ: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധി എം.പിയെയും രൂക്ഷമായി പരിഹസിച്ച് പരസ്യം പുറത്തിറക്കിയ കമ്പനിക്കെതിരെ മുംബൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം.
‘സ്റ്റോറിയ ഫുഡ്സ്’ എന്ന കമ്പനിയാണ് തങ്ങളുടെ ശീതളപാനീയത്തിൻറെ പരസ്യത്തിന് കോൺഗ്രസ് നേതാക്കളെ പരിഹസിക്കുന്ന പരസ്യം തിങ്കളാഴ്ച പുറത്തിറക്കിയത്. ഇതോടെ പാർട്ടി പ്രവർത്തകർ രോഷാകുലരായി രംഗത്തെത്തുകയും കമ്പനിയുടെ ഓഫിസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് യൂട്യൂബിൽനിന്ന് കമ്പനി പരസ്യം പിൻവലിച്ചു.
ഒരു ഓഫിസിലെ കസേരയിൽ പ്രായമുള്ള സ്ത്രീ ഇരിക്കുകയും വെള്ള ഷർട്ടും കറുത്ത കോട്ടും ധരിച്ച ചെറുപ്പക്കാരൻ അവരുടെ സമീപമെത്തുകയും ചെയ്യുന്നതാണ് പരസ്യത്തിൻറെ തുടക്കം. കോൺഗ്രസ് പാർട്ടി ഓഫിസിനോട് സമാനത തോന്നുന്ന വിധത്തിലാണ് പരസ്യത്തിലെ ഓഫിസ് സജ്ജീകരിച്ചിട്ടുള്ളത്. ദൃശ്യങ്ങളിലെ പ്രായമായ സ്ത്രീയും ചെറുപ്പക്കാരനും സോണിയയും രാഹുലുമാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നുമുണ്ട്.
‘ഖതം’ എന്ന വാക്കാണ് ചെറുപ്പക്കാരൻ പരസ്യത്തിൽ ഊന്നിപ്പറയുന്നത്. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് കാലത്ത് മോദി സർക്കാറിനെതിരായ പ്രചാരണങ്ങളിൽ രാഹുൽ ഏറെ ഉപയോഗിച്ച പ്രയോഗമാണിത്. പരസ്യത്തിൽ സങ്കേത് ഭോസാലെയാണ് ചെറുപ്പക്കാരനായി പ്രത്യക്ഷപ്പെടുന്നത്. രാഹുലിൻറെ ഭാവഹാവാദികളും സംഭാഷണശൈലിയും ബോധപൂർവം പരസ്യത്തിൽ അുനുകരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥാപനത്തിന് മുന്നിലെത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പിന്നാലെയാണ് , യൂട്യൂബിൽനിന്ന് പരസ്യം പിൻവലിച്ചത് . എന്നാൽ, ഈ വിഷയത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.