Latest NewsNationalNews

മുഖത്ത് മുറിവ്, വക്കീലിനെ കാണാന്‍ അനുവദിച്ചില്ല; സിദ്ദീഖ് കാപ്പന്‍ കോവിഡ് മുക്തനെന്നും ജയിലിലേക്ക് മാറ്റിയെന്നും യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ കൊവിഡ് മുക്തനാണെന്നും അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയെന്നും യു.പി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാപ്പന്റെ മുഖത്ത് മുറിവേറ്റിരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ നിന്നും സിദ്ദിഖ് കാപ്പനെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി ഇന്നലെ യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

21ാം തിയ്യതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആ സമയത്ത് ശരീരത്തില്‍ മുറിവുണ്ടായിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാപ്പന്‍ കൊവിഡ് ബാധിതനായിരുന്നു. അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ തിരികെ ജയിലില്‍ എത്തിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം, യു.പി സര്‍ക്കാര്‍ ഇന്നലെ വൈകീട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ കൊവിഡ് പോസിറ്റിവ് ആണെന്നാണ് പറഞ്ഞതെന്നും അത് ഇപ്പോള്‍ നെഗറ്റീവ് ആയതെങ്ങിനെയെന്ന് അറിയില്ലെന്നും കാപ്പന്റെ ഭാര്യ റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹവുമായി കോടതി പറഞ്ഞത് പ്രകാരമുള്ള വീഡിയോ കോണ്‍ഫറന്‍സ് നടന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിദ്ദിഖ് കാപ്പന് ഗുരുതരമായ പരിക്കായിരുന്നു പറ്റിയതെന്നും തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് കാപ്പന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്. ഇന്ന് അവര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു എന്നാണ് പറഞ്ഞത്. ആരോഗ്യവാനാണ് എന്ന് അവര്‍ പറഞ്ഞിട്ടില്ല. കൊവിഡ് നെഗറ്റീവാണ് എന്നാണ് പറഞ്ഞത്. വാഷ്റൂമില്‍ വീണാണ് ശരീരത്തില്‍ മുറിവേറ്റത്. അതിനെ കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹവുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല, അഭിഭാഷകന്‍ വില്‍സ് മാത്യു പറഞ്ഞു.

സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്. അതേസമയം പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജി ചട്ടവിരുദ്ധമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞദിവസം കോടതിയില്‍ വാദിച്ചത്.

ഹേബിയസ് കോര്‍പ്പസ് അപേക്ഷക്ക് പകരം സാധാരണ ജാമ്യപേക്ഷ നല്‍കുകയാണ് വേണ്ടതെന്നും തുഷാര്‍ മേത്ത പറഞ്ഞിരുന്നു. സിദ്ദിഖ് കാപ്പനെ ചങ്ങലക്കിട്ടു എന്ന കെ.യു.ഡബ്ല്യു.ജെയുടെ വാദം ശരിയല്ലെന്ന് യു.പി സര്‍ക്കാരും മറുപടി നല്‍കിയിരുന്നു. ഹരജി ഇന്നലെ തന്നെ കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും ഇന്നത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button