CinemaKerala NewsLatest News

നാടിനൊപ്പം നിന്ന പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് സംവിധായകന്‍ അരുണ്‍ ഗോപി

കൊച്ചി: പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ആശംസകളേകി സംവിധായകന്‍ അരുണ്‍ ഗോപി. പ്രതിപക്ഷ ധര്‍മ്മം തെരുവിലെ രൂക്ഷമായ സമരങ്ങള്‍ മാത്രമല്ലെന്ന് മനസിലാക്കിത്തന്ന നേതാവാണ് ചെന്നിത്തലയെന്ന്​ അരുണ്‍ ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് സ്വന്തം ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നും പ്രളയ കാലത്ത് ഒരുപാട് സഹായങ്ങള്‍ എത്തിച്ചും നാടിനോടൊപ്പം നില്‍ക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. വലിയ മാധ്യമ ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം മുന്‍കൈയെടുത്ത് നടത്തിയ പരിപാടി ആയിരുന്നു ബൈസൈക്കിള്‍ ചലഞ്ച് എന്നും അരുണ്‍ ഗോപി ചൂണ്ടിക്കാട്ടി.

അരുണ്‍ ഗോപിയുടെ ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയങ്കരനായ രമേശ്‌ ചെന്നിത്തല സര്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത്‌ കാലാവധി പൂര്‍ത്തിയാക്കുന്നു. അഞ്ച് വര്‍ഷം ക്രിയാത്മകമായ ഇടപെടലുകള്‍ കൊണ്ട് തന്‍റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രതിപക്ഷ ധര്‍മം എന്നാല്‍ തെരുവിലെ രൂക്ഷമായ സമരങ്ങള്‍ മാത്രമാണെന്ന് കരുതുന്ന പൊതുബോധത്തിന് മുന്നില്‍ രമേശ്‌ ചെന്നിത്തല വ്യത്യസ്തനാണ്. ക്രിയാത്മകമായ ഒരുപാട് ഇടപെടലുകള്‍ കൊണ്ട് രാഷ്ട്രീയ ഭൂപടത്തില്‍ പ്രതിപക്ഷ സംവിധാനത്തെ കരുത്തുള്ള ഒരു ഭാഗമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അതിന് ഉത്തമ ഉദാഹരണങ്ങളായി അദേഹം ഉയര്‍ത്തിയ വിഷയങ്ങളും അവക്ക് ലഭിച്ച സ്വീകാര്യതയും നമുക്ക് മുന്‍പിലുണ്ട്. തിരക്കേറിയ പ്രതിപക്ഷ ഉത്തരവാദിത്തങ്ങള്‍ക്ക് നടുവിലും സമൂഹ നന്മയെ ലക്ഷ്യം വച്ച്‌ നല്ല ഇടപെടലുകള്‍ നടത്താനും അദേഹം മറന്നില്ല. കോവിഡ് കാലത്ത് സ്വന്തം ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നും പ്രളയ കാലത്ത് ഒരുപാട് സഹായങ്ങള്‍ എത്തിച്ചും നാടിനോടൊപ്പം നില്‍ക്കാന്‍ അദേഹം മുന്നിലുണ്ടായിരുന്നു.

വലിയ മാധ്യമ ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം മുന്‍കൈയെടുത്ത് നടത്തിയ പരിപാടി ആയിരുന്നു ബൈസൈക്കിള്‍ ചലഞ്ച്. ഈ ചലഞ്ചില്‍ പങ്കെടുക്കാനും രമേശ്‌ സര്‍ നിര്‍ദേശിച്ച സ്കൂളില്‍ ഒരു പെണ്‍കുട്ടിക്ക് ഒരു സൈക്കിള്‍ സമ്മാനിക്കാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ സൈക്കിള്‍ കിട്ടിയ പെണ്‍കുട്ടികള്‍ ആലപ്പുഴയിലും പത്തനംതിട്ടയിലും എറണാകുളത്തും സന്തോഷത്തിന്‍റെ സൈക്കിള്‍ബെല്‍ മുഴക്കി പോകുന്നതോര്‍ക്കുമ്ബോള്‍ രമേശ്‌ ചെന്നിത്തലയോട് ആദരവ് കൂടുന്നു. വ്യക്തി ബന്ധം കൊണ്ട് ഏറെ അടുത്ത് നില്‍ക്കുന്ന പ്രിയപ്പെട്ട രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനത്തു കാലാവധി പൂര്‍ത്തിയാക്കുമ്ബോള്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു സര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button