Kerala NewsLatest NewsUncategorized

‘ഞങ്ങൾ മരിച്ചിട്ടില്ല അമ്മാ, തിരിച്ചു വരികയാണ് ; ബോട്ട് തകർന്ന് 11 പേരെ കാണാതായ സംഭവത്തിൽ എല്ലാവരും സുരക്ഷിതരെന്ന് വിവരം

കൊല്ലം: കന്യാകുമാരിയിലെ കേരള–തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള വള്ള‍വിള എന്ന മൽസ്യബന്ധന ഗ്രാമത്തിലെ വീട്ടിൽ ബുധനാഴ്ച രാവിലെ 8.30ന് അപ്രതീക്ഷിതമായൊരു ഫോൺ കോളെത്തി. ‘ഞങ്ങൾ മരിച്ചിട്ടില്ല അമ്മാ..തിരിച്ചു വരികയാണ്..ബോട്ടിൽ കപ്പലിടിച്ചു..ആരെയും വിളിക്കാൻ വഴിയില്ലായിരുന്നു…’ കൂടുത്‍ വിവരങ്ങൾ ചോദിക്കും മുൻപേ ഫോൺ കട്ടായി.

നാലു ദിവസത്തോളമായി കണ്ണീരൊഴിയാതിരുന്ന 11 കുടുംബങ്ങൾക്ക്, ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ഫോൺകോൾ നൽകിയ ആശ്വാസം പറഞ്ഞറിയിക്കാവുന്നതിലും ഏറെയായിരുന്നു. കന്യാകുമാരിയിൽനിന്നുള്ള ‘മെഴ്സി‍ഡസ്’ എന്ന മീൻപിടിത്ത ബോട്ട് ഗോവൻ തീരത്തു നിന്ന് 600 നോട്ടിക്കൽ മൈൽ മാറി ഉൾക്കടലിൽ തകർന്നതിനെ തുടർന്നു കാണാതായ 11 മത്സ്യത്തൊഴിലാളികളിലൊരാളായിരുന്നു വിളിച്ചത്. ഇനി തിരിച്ചു വരില്ലെന്നു കരുതിയ ആ 11 പേരുടെയും രണ്ടാം വരവ് അത്രയേറെ പ്രതിസന്ധികളെ മറികടന്നായിരുന്നു.

വള്ള‍വിള സ്വദേശികളായ ബോട്ടുടമ ജോസഫ് ഫ്രാങ്ക്ളിൻ (47), ഫ്രെഡി (42), യേശുദാസൻ (42), ജോൺ (20), സുരേഷ് (44), ജെബിഷ് (18), വിജീഷ് (20), ജെനിസ്റ്റൺ (20), ജഗൻ (29), സെഡ്രിക് (24), മാർബിൻ (20) എന്നിവരെയാണു കാണാതായിരുന്നത്. തേങ്ങാപട്ടണ‍ത്തുനിന്ന് ഏപ്രിൽ 9ന് വൈകിട്ടാണു ബോട്ട് പുറപ്പെട്ടത്. മേയ് 6ന് തിരിച്ചെത്താ‍നായിരുന്നു തീരുമാനം. ഗോവയിൽനിന്ന് 600 നോട്ടിക്കൽ മൈൽ (1111.2 കിലോമീറ്റർ) മാറി ഉൾക്കടലിൽ കപ്പലിടിച്ചു ബോട്ടു തകരുകയായിരുന്നു. അറബിക്കടലിൽ ഇന്ത്യൻ സമുദ്രാതിർ‍ത്തിയിലാണ് അപകടമെന്നും സ്ഥിരീകരിച്ചു.

തീരരക്ഷാ സേനയുടെ മുംബൈയിൽനിന്നുള്ള ‘സമുദ്ര പ്രഹാർ’ കപ്പലും വിമാനവും നാവിക സേനയുടെ വിമാനവും 10 മീൻപിടിത്ത ബോട്ടുകളും തിരച്ചിൽ നടത്തിയിട്ടും വിവരം ലഭിച്ചിരുന്നില്ല. 23ന് ഉച്ച വരെ മെഴ്സിഡസ് ബോട്ടിലെ തൊഴിലാളികൾ മറ്റു ബോട്ടുകളിൽ ഉള്ളവരുമായി വയർലസിലൂടെ ആശയവിനിമയം നടത്തിയിരുന്നു. ‘പെരിയ‍നായകി’ എന്ന ബോട്ടിലുള്ളവരാണ് പിറ്റേന്ന് ഉച്ചയോടെ ‘മെഴ്സി‍ഡസി’ന്റെ തകർന്ന ഭാഗങ്ങൾ കണ്ടതും വിവരം കരയിലേക്കു കൈമാറിയതും. തൊഴിലാളികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തകർന്ന ബോട്ടിനൊപ്പ‍മുണ്ടായിരുന്ന 2 ചെറു വള്ളങ്ങളിലൊന്ന് ആളൊഴിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച അർധരാത്രിക്കു ശേഷമായിരുന്നു അപകടം.

അബദ്ധത്തിൽ കപ്പൽചാലിലേക്കു കയറിയ ബോട്ടിന്റെ വീൽ റൂം ഭാഗത്തേക്കു കപ്പൽ ഇടിച്ചു കയറുകയായിരുന്നെന്നാണ് തൊഴിലാളികൾ നൽകുന്ന വിവരം. ബോട്ട് നിയന്ത്രിച്ചിരുന്നവർ ഈ സമയം ഉറങ്ങിപ്പോയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തിൽ വീൽ റൂമിനു സാരമായ കേടുപാടുണ്ടായി. എന്നാൽ, ഇരട്ടി ആഘാതമായത് വാർത്താ വിനിമയ സംവിധാനങ്ങൾ തകർന്നു പോയതാണ്. വയർലസ്, സീ ഫോൺ അടക്കമുള്ള സംവിധാനങ്ങളുടെ ആന്റിനയും അനുബന്ധ ഉപകരണങ്ങളും കൂട്ടിയിടിയിൽ തകർന്നു പോയി.

ഇതോടെ സഹായം തേടാൻ പോലും വഴിയില്ലാതെ മെഴ്സി‍ഡസും 11 പേരും നടുക്കലിൽപ്പെട്ടു. ഏറ്റവും ഒടുവിൽ 28നു രാവിലെ ബോട്ടുടമ ജോസഫ് ഫ്രാങ്ക്ളിൻ ഭാര്യ ജാൻമേരിയെ ഫോൺ വിളിച്ചതോടെയാണ് എല്ലാവരും സുരക്ഷിതരാണെന്ന കാര്യം നാട്ടിൽ അറിഞ്ഞത്. 9ന് തേങ്ങാ‍പ്പട്ടണത്തിനുനിന്നു പുറപ്പെടുമ്പോൾ ഒരു മാസത്തേക്ക് ആവശ്യമുള്ള 5000 ലീറ്റർ ഡീസലിനും ഭക്ഷണത്തിനും പുറമേ 500 ബ്ലോക്ക് ഐസും കരുതിയിരുന്നു. ശേഖരിച്ചു വച്ചിരുന്ന ഭക്ഷണവും വെള്ളവുമാണ് ഇവരുടെ ജീവനും തുണയായത്.

കോസ്റ്റ് ഗാർഡിന്റെ കപ്പലും ഡോണിയർ വിമാനവും ഇവരെ വീണ്ടും തിരയാനായി പുറപ്പെട്ടു കഴിഞ്ഞു. തൊഴിലാളികളെ കണ്ടെത്തിയാൽ ഉടൻ 9 പേരെയും കോസ്റ്റ് ഗാർഡ് കപ്പലിലേക്കു മാറ്റും. 2 പേർ ‘മെഴ്സി‍ഡസ്’ ബോട്ട് ഓടിച്ചു തീരത്തെത്തിക്കും. ബോട്ടിന്റെ എൻജിൻ അടക്കമുള്ള ഭാഗങ്ങൾക്ക് കാര്യമായ കേടുപാടില്ലെന്നാണ് ഇതുവരെയുള്ള വിവരം. സഹായം ആവശ്യമായി വന്നാൽ കോസ്റ്റ് ഗാർഡ് ബോട്ട് കെട്ടിവലിച്ചു കൊണ്ടുവരാനുള്ള സംവിധാനമൊരുക്കും. 30നു രാവിലെ തേങ്ങാപ്പട്ടണത്തേക്കു തിരിച്ചെത്തുമെന്നാണു തൊഴിലാളികൾ നൽകിയിരിക്കുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button