സംസ്ഥാനത്ത് ആദ്യം, കോവിഡ് ബാധിതര്‍ക്കായി ഓക്സിജന്‍ പാര്‍ലര്‍
കോട്ടയം: വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്സിജന്‍ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. ആദ്യ പാര്‍ലര്‍ മണര്‍കാട് സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി എഫ് എല്‍ ടി സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയും സന്നിഹിതയായിരുന്നു.
കോവിഡ് ബാധിതരില്‍ ഭൂരിഭാഗം പേരും വീടുകളില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് പ്രാദേശിക തലത്തില്‍ പാര്‍ലറുകള്‍ ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഓക്സിജന്‍ നിലയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ താമസമുണ്ടായേക്കുമെന്ന ആശങ്ക അകറ്റാനും ഇത് ഉപകരിക്കും. വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ പ്രോട്ടോക്കോള്‍ പാലിച്ച് പാര്‍ലറില്‍ എത്തിയാല്‍ പരിശാധന നടത്താനും ആവശ്യമെങ്കില്‍ ഓക്ജിജന്‍ സ്വീകരിക്കാനും കഴിയും. 24 മണിക്കൂറും ഓക്സിജന്‍ ലഭ്യമാക്കാന്‍ കഴിയുന്ന കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു മിനിറ്റില്‍ അഞ്ചു ലിറ്റര്‍ ഓക്സിജന്‍ (93 ശതമാനം) ലഭ്യമാക്കാന്‍ കഴിയും. അന്തരീക്ഷത്തിലെ ഓക്സിജന്‍ ആണ് യന്ത്രത്തില്‍ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റോക്ക് തീരുന്ന സാഹചര്യമില്ല. സജ്ജീകരിക്കുന്നതിന് 50,000 രൂപയോളം വരെ ചെലവുവരും.
കോവിഡ് രോഗി പാര്‍ലറില്‍ എത്തി രണ്ടു മിനിറ്റ് വിശ്രമിച്ച ശേഷം ആദ്യം പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ നില പരിശോധിക്കും. ഇത് 94 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ഓക്സിജന്‍ പാര്‍ലര്‍ ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ ഓക്സിജന്‍ നില 94 ശതമാനത്തില്‍ കുറവാണെങ്കില്‍ കിയോസ്കിനുള്ളിലുള്ള ഓക്സിജന്‍ മാസ്ക് സാനിറ്റൈസ് ചെയ്തശേഷം മൂക്കും വായയും മൂടുന്ന രീതിയില്‍ ധരിച്ച് മെഷീന്‍ ഓണ്‍ ചെയ്‌താല്‍ മെഷീനില്‍ നിന്ന് ഓക്സിജന്‍ ലഭിച്ചു തുടങ്ങും.
പത്ത് മിനിറ്റ് ഉപയോഗിച്ചശേഷം വീണ്ടും ഓക്സിജന്‍ നില അളക്കുമ്ബോള്‍ ഓക്സിജന്‍ 94 ശതമാനത്തില്‍ മുകളിലായാല്‍ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം. അല്ലെങ്കില്‍ വീണ്ടും ഒന്നോ രണ്ടോ തവണ കൂടി മെഷീന്‍ ഉപയോഗിക്കാം. സംസ്ഥാനത്ത് ആദ്യമായാണ് വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കായി ഇത്തരമൊരു സംവിധാനം സജ്ജീകരിക്കുന്നത്.
ജില്ലയിലെ എല്ലാ സി എഫ് എല്‍ ടി സികളിലും സൗകര്യപ്രദമായ മറ്റു കേന്ദ്രങ്ങളിലും ഈ സംവിധാനം സജ്ജമാക്കുമെന്നറിയിച്ച ജില്ലാ കളക്ടര്‍ കൂടുതല്‍ മെഷീനുകള്‍ ലഭ്യമാക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും വ്യക്തികളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. സി എഫ് എല്‍ ടി സി നോഡല്‍ ഓഫീസര്‍ ഡോ ഭാഗ്യശ്രീ, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു.
ജില്ലയില്‍ കോവിഡ് ചികിത്സാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ചു തുടങ്ങി. ആദ്യ ദിവസമായ ബുധനാഴ്ച ലഭിച്ച 94 സിലിണ്ടറുകള്‍ ചികിത്സാ ഉപയോഗത്തിനായി കണ്‍വേര്‍ട്ട് ചെയ്ത് ഓക്‌സിജന്‍ നിറയ്ക്കുന്നതിനായി എറണാകുളത്തേക്ക് അയച്ചു.
സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിറക്കിയിരുന്നു.
സ്ഥാപനങ്ങള്‍ സ്വന്തനിലയ്ക്ക് സിലിണ്ടറുകള്‍ കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുന്നതിന് കോട്ടയം ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന സിലിന്‍ഡറുകള്‍ ആരോഗ്യ വകുപ്പിന് കൈമാറും. ഓക്‌സിജന്‍ നിറച്ചശേഷം ഇവ ആശുപത്രികള്‍ക്ക് നല്‍കും.