Latest NewsNationalNewsUncategorized
കൊറോണ വ്യാപനം; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: രാജ്യത്തെ കൊറോണ വ്യാപന പ്രതിസന്ധിയെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് കോടതി ഇന്ന് പരിഗണിക്കും. കൊറോണ വാക്‌സിന് പല വില നിശ്ചയിക്കാൻ കാരണമായ കേന്ദ്ര സർക്കാർ നടപടിയെ കോടതി ചോദ്യം ചെയ്തിരുന്നു.
ഓക്‌സിജൻ വിതരണം, അവശ്യ മരുന്നുകളുടെ ലഭ്യത, വാക്‌സിൻ വില തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. രാജ്യം ഒരു നിർണ്ണായക ഘട്ടത്തെ നേരിടുമ്പോൾ കാഴ്ച്ചക്കാരായി നിൽക്കാൻ ആവില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രിം കോടതി പറഞ്ഞിരുന്നു.
ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയും പരിഗണിക്കും. ഇന്നലെ നോട്ടീസ് അയച്ച ഡൽഹി ഹൈക്കോടതി ഇന്ന് ഓക്‌സിജൻ വിതരണക്കാരോട് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെൽഹിയിലെ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്‌സിജൻ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നാണ് കോടതിയുടെ ആവശ്യം.