Kerala NewsLatest News

കൊടകര കള്ളപ്പണക്കേസില്‍ വഴിതിരിവ്; ഹാന്‍സ് വീഡിയോ’യില്‍ സുരേന്ദ്രനൊപ്പമുണ്ടായിരുന്നത് സുനിലാണെന്ന് റിപ്പോര്‍ട്ട്

ശബരിമല സമരകാലത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ‘ഹാന്‍സ്’ വീഡിയോയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സമീപത്തുണ്ടായിരുന്ന വ്യക്തി കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കാണെന്ന് റിപ്പോര്‍ട്ട്. വീഡിയോയിലെ ഹാന്‍സാണെന്ന് ആരോപിക്കപ്പെടുന്ന പാക്കറ്റ് സുരേന്ദ്രന് കൈമാറിയ വ്യക്തി സുനില്‍ നായിക്കാണെന്ന് മനോരമ ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസിലെ പരാതിക്കാരനും വാഹന ഉടമയുമായ ധര്‍മ്മരാജന് പണം കൈമാറിയത് സുനില്‍ നായിക്കാണെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കളുമായുള്ള സുനിലിന്റെ ബന്ധവും ചര്‍ച്ചയാകുന്നത്. കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള നേതാവാണ് സുനില്‍ നായിക്. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ കാലഘട്ടത്തില്‍ സംസ്ഥാന ട്രഷററായിരുന്നു സുനില്‍ നായിക്. ദേശീയ കൗണ്‍സില്‍ അംഗം, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ് സിങ് എന്നിവര്‍ക്കൊപ്പമുള്ള സുനിലിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

കേസിലെ ധര്‍മ്മരാജന്റെ ആര്‍എസ്എസ് ബന്ധം നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും ചെറുപ്പം മുതല്‍ ശാഖയില്‍ പോയ ആളാണെന്നും അദ്ദേഹം തന്നെ തുറന്ന് സമ്മതിക്കുകയുമുണ്ടായി. കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടയാണ് സുനിലിന്റെയും ധര്‍മ്മരാജന്റെയും ബിജെപി-ആര്‍എസ്എസ് ബന്ധങ്ങള്‍ പുറത്തുവന്നത്.

അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എട്ടു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം. ഒന്‍പതാം പ്രതിയായ ബാബുവിന്റെ വീട്ടില്‍ നിന്ന് 23 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ മുഹമ്മദാലി, സുജീഷ്, രഞ്ജിത്ത്, അബ്ദുല്‍ റഷീദ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ഏപ്രില്‍ മൂന്നിനായിരുന്നു കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാട്ടി ധര്‍മ്മജന്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയത്. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ തൃശൂര്‍ ജില്ലയിലെ ബിജെപിക്ക് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button