18 മുതല്‍ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷന് സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല
18 മുതല്‍ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷന് സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല. കൂടുതല്‍ വാക്സിന് അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇന്ന് വാക്സിനേഷന് മുടങ്ങും. അതെസമയം, സ്വകാര്യ ആശുപത്രികളക്കം 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് നീക്കിവെക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
രാജ്യത്ത് ഇന്ന് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് ഇന്ന് തുടങ്ങില്ല. ഇതുവരെ ലഭിച്ച വാക്സിന് 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്കാന് വേണ്ടിയാണ്. അതില്‍ തന്നെ എല്ലാ ജില്ലകളിലും എത്തിക്കാന്‍ വാക്സിന് ഇല്ല.
രണ്ടാം ഡോസ് എടുക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും നല്കാന് വാക്സിന് സ്റ്റോക്ക് ഇല്ല. അതിനാല്‍ കൂടുതല്‍ വാക്സിന് അനുവദിക്കാതെ 45 വയസിന് താഴെ ഉള്ളവരുടെ വാക്സിനേഷന് ആരംഭിക്കേണ്ടന്നാണ് തീരുമാനം. സംസ്ഥാനത്ത് തിരുവനന്തപുരം അടക്കം വിവിധ ജില്ലകളില്‍ വാക്സിനേഷന് ഇന്ന് മുടങ്ങും.
ഇന്നും നാളെയും തിരുവനന്തപുരം ജില്ലയില്‍ വാക്സിനേഷന് ഉണ്ടാകില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപതികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമായ കിടക്കകളുടെ 50 ശതമാനം കൊവിഡ് ചികിത്സയ്ക്ക് നീക്കിവെക്കാന്‍ നിര്‍ദ്ദേശിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.