ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം; സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൊറോണ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി. ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണമെന്നും ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിരക്കിൽ ടെസ്റ്റ് നടത്താൻ വിസമ്മതിക്കുന്നവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിരക്കുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാകുന്നതാണെന്നും പക്ഷേ, ആർടിപിസിആർ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഒരു കാരണവശാലും എടുക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ അത്തരമൊരു നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
“സ്വകാര്യ ലാബുകളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചതിനെത്തുടർന്ന് ചില ലാബുകൾ ടെസ്റ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിശദമായ ഒരു പഠനത്തിനു ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത് എന്ന് മനസ്സിലാക്കണം,” മുഖ്യമന്ത്രി പറഞ്ഞു.
“വിപണി നിരക്കിനെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങൾക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താൻ ആവശ്യമായ മനുഷ്യവിഭവം കൂടെ കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്,” മുഖ്യമന്ത്രി പറഞ്ഞു.
“ആർ ടി പി സി ആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നു എന്ന വാർത്തയും വന്നു. ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്തണം. വിസമ്മതിക്കുന്നവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും,” മുഖ്യമന്ത്രി പറഞ്ഞു.