കണ്ടക്ടര്‍ക്ക് കൊവിഡ്; ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു.

ഗുരുവായൂരില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് തുടർന്ന് അറിയിച്ചു. യാത്രക്കാര്‍ നിരീക്ഷണത്തില്‍ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗം എവിടെ നിന്നാണ് പകര്‍ന്നത് എന്നത് വ്യക്തമല്ല. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നു. പനി ഭേദമായതിനെ തുടര്‍ന്ന് ജൂണ്‍ 15,22,25 തിയ്യതികളില്‍ ഗുരുവായൂര്‍ ഡിപ്പോയില്‍ ജോലിക്ക് എത്തി. പിന്നീടാണ് കോവിഡ് പോസ്റ്റീവായത്. ജൂണ്‍ 15, 22 തീയതികളില്‍ കണ്ടക്ടര്‍ പാലക്കാട് റൂട്ടിലും ജോലി ചെയ്തിരുന്നു. ഇതോടെ മൂന്ന് ഡ്രൈവര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
25 ന് രാവിലെ 8.30നും 9.30ക്കും ഇടയിൽ ഗുരുവായൂർ തൃശൂർ സർവീസിൽ യാത്ര ചെയ്തവരോടും ക്വാറന്റൈനിൽ പോകാൻ നിര്‍ദേശം നൽകി. കൂടുതൽ ആളുകളുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. സർവീസുകൾ നിർത്തിവെച്ച ഡിപ്പോയിൽ അണുനശീകരണം നടത്തും. ഇതിന് ശേഷം സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.