CrimeKerala NewsLatest NewsUncategorized

എടിഎം മെഷീൻ പെട്രോൾ‍ ഒഴിച്ച്‌ കത്തിച്ച പ്രതി പിടിയിൽ

കളമശേരി: കളമശേരി കുസാറ്റ് ക്യാമ്പസിലെ എടിഎം മെഷീൻ പെട്രോൾ ഒഴിച്ച്‌ കത്തിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം പൂഞ്ഞാർ സ്വദേശി സുബിൻ സുകുമാരനാണ് (31) ആണ് ഇന്നലെ രാവിലെ 10.30 ഓടെ എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. കൈയ്ക്ക് പൊള്ളലേറ്റ സുബിനെ പോലീസ് തിരിച്ചറിയികുയായിരുന്നു. ക്യാമ്പസിലെ കരാർ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് എടിഎം മെഷീന് തീയിടാൻ കാരണമെന്ന് പോലീസ് അറിയിച്ചു.

വോട്ടെണ്ണൽ ദിവസം രാത്രി ഏഴേമുക്കാലോടെയാണ് കളമശേരി കുസാറ്റ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ഇയാൾ പെട്രോൾ ഒഴിച്ച്‌ കത്തിച്ചത്. തീ ആളിപടർന്നതോടെ സുബിൻ ഇറങ്ങിയോടി. എടിഎമ്മിലെ ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കലൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കൈയിലും മുഖത്തും പൊള്ളലേറ്റ സുബിനെ പോലീസ് തിരിച്ചറിയുകയായിരുന്നു. കളമശേരി പോലീസിന് കൈമാറിയ പ്രതിയെ കുസാറ്റ് ക്യാമ്പസിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

ഞായറാഴ്ച രാത്രി എടിഎമ്മിൽ നിന്ന് തീയും പുകയും വരുന്നത് കണ്ട ക്യാമ്പസിലെ ജീവനക്കാർ ഉടൻ തീയണച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിൻ മനപൂർവം മെഷീന് തീയിട്ടതാണെന്ന് മനസിലായത്. സംഭവത്തിൽ പണം നഷ്ടപെടുകയോ മെഷീന് കാര്യമായ കേടുപാടോ ഉണ്ടായില്ല. നേരത്തെ 2018 ൽ ഗുരുവായൂരമ്പലത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയതിന് അറസ്റ്റിലായ ഇയാളെ ജാമ്യത്തിലെടുക്കാൻ ആരും തയാറായിരുന്നില്ല. അടുത്ത കാലത്താണ് പ്രതി പുറത്തിറങ്ങിത്. തുടർന്നാണ് ഇയാൾ ഈ കൃത്യവും നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button