കങ്കണ റൺ ഔട്ടായതിൽ സന്തോഷമുണ്ട്; പക്ഷെ ഇത്തരത്തിലുള്ള നടപടികൾ നമ്മൾക്കെതിരെയും സംഭവിക്കാം: റിമ കല്ലിങ്കൽ
ബോളിവുഡ് താരം കങ്കണ റണൗത്തിൻറെ അക്കൗണ്ട് ട്വിറ്റർ പിൻവലിച്ചതിൽ പ്രതികരിച്ച് നടി റിമ കല്ലിങ്കൽ. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് താരം ഇക്കാര്യത്തെ കുറിച്ച് പരാമർശിച്ചത്. പ്രതീക്ഷ കണ്ടെത്താൻ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന് റിമ ഇൻസ്റ്റഗ്രാമിൽ ചോദിച്ചിരുന്നു. ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാൾ നൽകിയ മറുപടി.
ഈ മറുപടി പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവെച്ചത്. ചിരിക്കുന്ന സ്‌മൈലിയോടൊപ്പം റൺ ഔട്ട് എന്ന് നടി സ്റ്റോറിയിൽ എഴുതി. കങ്കണ റൺ ഔട്ടായതിൽ സന്തോഷമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നടപടികൾ നമ്മൾക്കെതിരെയും സംഭവിക്കാം എന്നാണ് റിമ പറഞ്ഞത്. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സമൂഹമാധ്യമങ്ങൾ ബാൻ ചെയ്യുന്നതിനോട് എനിക്ക് എതിർ അഭിപ്രായമാണെന്നും റിമ വ്യക്തമാക്കി.

ബംഗാളിലെ അതിക്രമത്തെ അതിക്രമം കൊണ്ട് നേരിടണമെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു. ഈ ട്വീറ്റിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് നേരിട്ടല്ലാതെ സൂചിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കങ്കണയ്ക്കെതിരെ വ്യാപകപ്രതിഷേധം ഉയർന്നതിനു പിന്നാലെ ആയിരുന്നു നടപടി. തങ്ങളുടെ നിയമങ്ങൾ ലംഘിച്ചതിനാൽ പ്രസ്‍തുത അക്കൗണ്ട് സസ്‍പെൻഡ് ചെയ്‍തിരിക്കുന്നതായാണ് ട്വിറ്ററിൻറെ അറിയിപ്പ്.
“ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാൻ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവർ (മമത ബാനർജിയെ ഉദ്ദേശിച്ച്). അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ”, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
എന്നാൽ ഇത് ഗുജറാത്ത് കലാപത്തെ ബംഗാളിൽ ആവർത്തിക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിൽ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. വിമർശനം പെരുകവെയാണ് അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ട്വിറ്റർ രംഗത്തെത്തിയത്. ബിജെപി അനുഭാവം പ്രകടിപ്പിക്കുന്ന ബോളിവുഡ് താരങ്ങളിൽ പ്രധാനിയാണ് കങ്കണ റണൗത്ത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലെ വംശീയവും വിദ്വേഷപരവുമായ ഉള്ളടക്കത്തിൻറെ പേരിൽ കങ്കണ മുൻപും വിമർശിക്കപ്പെട്ടിട്ടുണ്ട്.