പിഷാരടി യുഡിഎഫായതിന് അദ്ദേഹത്തിന്റെ മക്കളെ ട്രോളുന്നതെന്തിന്…ഇടതുപക്ഷ സഹയാത്രികനും നടനുമായ സുബീഷ് രംഗത്ത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയ്ക്കെതിരെ നിരവധി ട്രോളുകളാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്നും ഉയര്‍ന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് പിഷാരടി പ്രചാരണത്തിനിറങ്ങിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റുപോയെന്നും അതുകൊണ്ട് പിഷാരടിയാണ് കോണ്‍ഗ്രസിന്റെ മാന്‍ഡ്രേക്കെന്നായിരുന്നു ഈ ട്രോളുകള്‍.
എന്നാല്‍ ഈ ട്രോളുകള്‍ പരിധി വിട്ടുപോകുകയാണെന്ന് പറയുകയാണ് നടനും ഇടതുപക്ഷ സഹയാത്രികനുമായ സുബീഷ് സുധി. പിഷാരടിയുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെന്നും എന്നാല്‍ വ്യക്തിയെന്ന നിലയില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സുബീഷ് സുധി പറയുന്നു. പിഷാരടിയുടെ മക്കളുടെ ഫോട്ടോ വരെ ട്രോളാന്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുബീഷ് പറയുന്നു.
രാഷ്ട്രീയപരമായി പിഷാരടിയോട് ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് സുബീഷ് പറയുന്നു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പിഷാരടി സി.പി.ഐ.എമ്മിന്റെ വര്‍ഗ ബഹുജന സംഘടനകള്‍ അല്ലെങ്കില്‍ കോളേജ് യൂണിയനുകള്‍ നടത്തുന്ന പല പരിപാടികള്‍ക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്. അതുകൊണ്ട് തന്നെ ഇന്നലെ ഞാന്‍ രമേശേട്ടനോട് സംസാരിച്ചപ്പോള്‍, ട്രോളുകളും മറ്റും ഒരു തമാശയായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.