കൊവിഡിന് ശേഷം ചൈനയുടെ അടുത്ത പണി, റോക്കറ്റ് ഇന്നോ നാളെയോ ഭൂമിയില്‍ പതിച്ചേക്കാം
വാഷിങ്ടണ്‍: നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ചൈനയുടെ ലോങ് മാര്‍ച്ച് 5 ബി യുടെ ഭാഗങ്ങള്‍ ഇന്നോ നാളെയോ ഭൂമിയില്‍ പതിച്ചേക്കുമെന്ന് അനുമാനം. ചൈനയുടെ സ്വപ്നപദ്ധതിയായ ബഹിരാകാശ നിലയത്തിന്റെ പ്രധാനഭാഗം ഏപ്രില്‍ 29 നു ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കത്തിലാണു റോക്കറ്റിനു നിയന്ത്രണം വിട്ടത്.
അന്തരീക്ഷത്തിലെ യാത്രയില്‍ റോക്കറ്റ് കത്തിനശിക്കുമെന്നും ഭീഷണിയില്ലെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്ലോബല്‍ ടൈംസ് പറയുന്നുണ്ട്. എന്നാല്‍ ഇതു പൂര്‍ണമായി ശരിയാകണമെന്നില്ലെന്നും ഏതാനും ഭാഗങ്ങള്‍ പതിച്ചേക്കാമെന്നുമാണ് ബഹിരാകാശവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചൈനയ്ക്കെതിരെ വലിയ വിമര്‍ശനമാണ് സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈനീസ് നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.
നേരത്തെയും ചൈനീസ് റോക്കറ്റുകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ടിയാന്‍ഗോങ് 1 എന്ന ചൈനയുടെ ബഹിരാകാശനിലയം 2018ല്‍ അനിയന്ത്രിതമായി തിരിച്ചിറങ്ങി ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. 1973 മെയ് 14നു വിക്ഷേപിക്കപ്പെട്ട യു.എസിന്റെ സ്‌കൈലാബ് പേടകം ദൗത്യം അവസാനിപ്പിച്ച് ഭൂമിയിലേക്കു തിരിച്ചെത്തി കത്തിയമരുകയായിരുന്നു. 1979 ജൂലൈ 11നാണ് ഇതിന്റെ കുറെ ഭാഗങ്ങള്‍ കടലിലും ബാക്കി ആസ്ത്രേലിയയിലെ പെര്‍ത്തിലും പരിസരത്തും വീണത്.റഷ്യയുടെ മിര്‍ നിലയവും ഭൂമിയില്‍ പതിക്കുകയായിരുന്നു.
റോക്കറ്റ് താഴെയിറക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയൊന്നുമില്ലെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലിയോഡ് ഓസ്റ്റിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യാന്‍ യു.എസിന് കഴിയും. എന്നാല്‍ നിലവില്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.