16 ദിവസത്തെ ചികിത്സക്ക് നാലര ലക്ഷത്തോളം രൂപയുടെ ബില്ല്; പണമടയ്ക്കാത്തതിനാൽ കോവിഡ് ബാധിതൻറെ മൃതശരീരം വിട്ടു നൽകാതെ ആശുപത്രി
കാട്ടാക്കട: പണമടയ്ക്കാത്തതിനാൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സ്വകാര്യ ആശുപത്രി വിട്ടുനൽകിയില്ലെന്ന് പരാതി. 16 ദിവസത്തെ ചികിത്സക്ക് നാലര ലക്ഷത്തോളം രൂപയുടെ ബില്ലാണ് ലഭിച്ചത്. ബന്ധുക്കൾ ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകതിനെ തുടർന്ന് ബിൽ തുക ഒന്നരലക്ഷം രൂപയാക്കി. ഈ തുക അടച്ചതിനെതുടർന്നാണ് മൃതദേഹം വിട്ടുനൽകിയത്.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ച കരമന കൊല്ലവിളാകത്ത് വീട്ടിൽ എം. ഷാജഹാന്റെ മൃതദേഹമാണ് ആശുപത്രി അധികൃതർ പിടിച്ചു വച്ചത്. കഴിഞ്ഞ 22നാണ് ഷാജഹാനും ഭാര്യയും മകനും ചികിത്സ തേടിയത്. രണ്ടുദിവസം കഴിഞ്ഞ് ഭാര്യയും മകനും ആശുപത്രി വിട്ടു. രോഗം ഗുരുതരമായതിനെ തുടർന്ന് ഷാജഹാനെ ഐ.സി.യു.വിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഷാജഹാന്റെ ആശുപത്രി ചെലവായി 4,45,808 രൂപയുടെ ബില്ലാണ് അധികൃതർ നൽകിയത്. ശനിയാഴ്ച പൊതുപ്രവർത്തകർ ഇടപെട്ട് സഹോദരൻ നിസാർ ഡി.എം.ഒക്ക് പരാതി നൽകി.
എന്നാൽ ആറ് ദിവസം വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു ഷാജഹാനെന്നും ഓക്സിജൻ ഉൾപ്പെടെ നൽകിയുള്ള ചികിത്സക്ക് സർക്കാർ നിശ്ചയിച്ചതിലും കുറഞ്ഞ തുക മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു. കുറച്ചുതുകയേ കൈവശമുള്ളൂ എന്നും അടുത്തദിവസം അടയ്ക്കാമെന്നും ബന്ധുക്കൾ പറഞ്ഞതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതത്രെ.