തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ബിജെപി നേതൃയോഗത്തിൽ നേതാക്കളുടെ ഏറ്റുമുട്ടൽ; ജില്ലയിലെ തോൽവി പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് സംസ്ഥാന പ്രസിഡൻ്: തിരിച്ചടികൾക്കിടയിലും പരസ്പരം പഴിചാരി ബിജെപി നേതാക്കൾ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ബിജെപി തിരുവനന്തപുരം ജില്ലാനേതൃയോഗത്തിൽ നേതാക്കളുടെ ഏറ്റുമുട്ടൽ. ജില്ലാ അധ്യക്ഷൻ വിവി രാജേഷ്, എസ് സുരേഷ്, ജെആർ പത്മകുമാർ എന്നിവർ തമ്മിലാണ് വാക്‌പോര് നടന്നത്. ജില്ലയിലെ തോൽവി പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് സംസ്ഥാന പ്രസിഡൻ് കെ സുരേന്ദ്രൻ വിമർശിച്ചു.
ഏക സിറ്റിംഗ് സീറ്റ് ഉള്ള ജില്ല, അതിനൊപ്പം മറ്റുചില അട്ടിമറികൾ കൂടിയായിരുന്നു തിരുവനന്തപുരത്ത് ബിജെപി ഇത്തവണ പ്രതീക്ഷിച്ചത്. എന്നാൽ ഉള്ള നേമം സീറ്റ് നഷ്ടപ്പെട്ടെന്ന് മാത്രമല്ല, പ്രതീക്ഷ പുലർത്തിയിരുന്ന പല മണ്ഡലങ്ങളിലും വോട്ടും കുറഞ്ഞു.
തിരിച്ചടി വിലയിരുത്താൻ ചേർന്ന ജില്ലാനേതൃയോഗത്തിൽ മണ്ഡലം പ്രസിഡന്റുമാരുടെ റിപ്പോർട്ട് അവതരണത്തിന് ഇടയിലാണ്
നേതാക്കൾ പരസ്പരം പഴിചാരി ഏറ്റുമുട്ടിയത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു വാക്‌പോര്.
എൻഎസ്എസ് വോട്ടുകൾ ചോർന്നു എന്നതാണ് മണ്ഡലം പ്രസിഡന്റുമാർ അവതരിപ്പിച്ച റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നെടുമങ്ങാടെ തോൽവിയിൽ സ്ഥാനാർത്ഥി ജെആർ പത്മകുമാറിനെതിരെ മണ്ഡലം പ്രസിഡന്റ് വിമർശനം ഉന്നയിച്ചു.
എന്നാൽ ജില്ലാ നേതൃത്വത്തിന്റെ സഹായം തനിക്ക് ലഭിച്ചില്ലെന്ന് പത്മകുമാർ തിരിച്ചടിച്ചു. വട്ടിയൂർക്കാവിലെ പ്രകടനത്തെ ചൊല്ലി ജില്ലാ പ്രസിന്റും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന വിവി രാജേഷും സംസ്ഥാന സെക്രട്ടറി എസ് സുരേഷും രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.
ഉപതെരഞ്ഞെടുപ്പിനേക്കാൾ വോട്ടുയർത്താൻ തനിക്ക് കഴിഞ്ഞെന്ന വിവി രാജേഷിന്റെ പ്രസ്താവനയാണ് അന്ന് സ്ഥാനാർത്ഥിയായിരുന്ന എസ് സുരേഷിനെ ചൊടിപ്പിച്ചത്.
അന്ന് സീറ്റ് മോഹിച്ച രാജേഷ് ഉൾപ്പെടെയുള്ളവർ തന്നെ സഹായിച്ചില്ലെന്ന് സുരേഷ് ആരോപിച്ചു. മണ്ഡലത്തിൽ ഇത്തവണ പാർട്ടി വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ.
നേമത്ത് ഭൂരിപക്ഷ സമുദായ വോട്ടുകൾ യുഡിഎഫിലേക്ക് പോയി. ഇതാണ് തോൽവിക്ക് കാരണം. കഴക്കൂട്ടത്ത് സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് തിരിച്ചടി ആയെന്ന വിമർശനമാണ് ഉയർന്നത്. ശോഭാ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തില്ല.
കൈവശമുണ്ടായിരുന്ന മണ്ഡലം നഷ്ടപ്പെട്ടത് ഉൾപ്പെടെ ജില്ലയിലേറ്റ തിരിച്ചടി ഗൗരവത്തോടെ കാണുന്നെന്ന് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. തോൽവി വിശദമായി ചർച്ച ചെയ്യാൻ അടിയന്തര ജില്ലാ കോർകമ്മറ്റി യോഗം ചേരുമെന്നും സുരേന്ദ്രൻ അറിയിച്ചു.