CovidLatest NewsNationalNewsUncategorized

കൊറോണയ്ക്കെതിരെ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിനെതിരെ ഡോക്ടർമാരുടെ മുന്നറിയിപ്പ്; മറ്റ് രോഗങ്ങൾ പടരാൻ സാധ്യത

അഹമ്മദാബാദ്: കൊറോണയ്ക്കെതിരെ പശു ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഡോക്ടർമാർ. ഇതിന്റെ ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ‘കൊറോണയ്ക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ ജയലാൽ പറഞ്ഞു. ഇങ്ങനെയുള്ളവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മറ്റ് രോഗങ്ങൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പടരാൻ ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധശേഷി വർധിപ്പിക്കുമെന്നും കൊറോണ വൈറസിൽ നിന്ന് സുഖപ്പെടുമെന്നും വിശ്വസിച്ച്‌ ഗുജറാത്തിൽ ചിലർ ആഴ്ചയിൽ ഒരിക്കൽ പശുവിനെ വളർത്തുന്നയിടങ്ങളിൽ പോയി ശരീരത്തിൽ ചാണകവും ഗോമൂത്രവും തേയ്ക്കുന്നു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം വരണ്ടുപോകുമ്പോൾ പാലോ മോരോ ഉപയോഗിച്ച്‌ കഴുകി കളയും. ഒപ്പം ശരീരത്തിന്റെ ഊർജ നില വർധിപ്പിക്കുന്നതിന് യോഗയും പരിശീലിക്കുന്നു.

‘ഡോക്ടർമാർ പോലും ഇവിടെയെത്തുന്നു. ഈ തെറാപ്പി അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുവെന്നാണ് വിശ്വാസം’ ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ അസോസിയേറ്റ് മാനേജർ ഗൗതം മനിലാൽ ബോറിസ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് കഴിഞ്ഞ വർഷം കൊറോണയിൽ നിന്ന് മുക്തനാവാൻ തന്നെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആളുകൾ ഗ്രൂപ്പുകളായി ഒത്തുചേരുന്നതിനാൽ ഇത് കൊറോണ വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയുള്ളതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയാണെന്ന് അഹമ്മദാബാദിലെ ഒരു പശു വളർത്തൽ കേന്ദ്രത്തിന്റെ ചുമതലയുള്ള മധുചരൻ ദാസ് പറഞ്ഞു.

ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള ഡോക്ടർമാരും ശാസ്ത്രജ്ഞരും കൊറോണയ്ക്കുള്ള ബദൽ ചികിത്സകൾക്കെതിരെ ആവർത്തിച്ച്‌ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് തെറ്റായ സുരക്ഷിതത്വബോധത്തിലേക്ക് നയിക്കുമെന്നും ആരോഗ്യ പ്രശ്‌നങ്ങൾ സങ്കീർണമാക്കുമെന്നും അവർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button