Latest NewsNationalNewsUncategorized

പ്രതിദിനം 270 മെട്രിക് ടൺ ഓക്‌സിജനുമായി ഇന്ത്യൻ ഓയിൽ

ന്യൂ ഡെൽഹി: മെഡിക്കൽ ഓക്‌സിജന്റെ വർധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ഇന്ത്യൻ ഓയിൽ ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിച്ചു. പാനിപ്പട്ട് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്‌സിലെ മോണോ എത്തിലിൻ ഗ്ലൈക്കോൾ (എംഇജി) പ്ലാന്റാണ് ഓക്‌സിജൻ ഉല്പാദന യൂണിറ്റായി മാറ്റിയത്. ഡെൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രതിദിനം 270 മെട്രിക് ടൺ ഓക്‌സിജനാണ് ഇന്ത്യൻ ഓയിൽ എത്തിക്കുന്നത്.

17 മെട്രിക് ടൺ ശേഷിയുള്ള 14 എൽഎൻജി ടാങ്കറുകൾ ഓക്‌സിജൻ ടാങ്കറുകളായി മാറ്റിയിട്ടുണ്ട്. മേയ് മധ്യത്തോടെ 20 റോഡ് ടാങ്കറുകളും 25 ഐഎസ്ഒ കണ്ടെയ്‌നറുകളും ഇന്ത്യൻ ഓയിൽ പുറത്തിറക്കും. ഇതിന്റെ മൊത്തം ശേഷി 820 മെട്രിക് ടണ്ണാണ്. അടുത്ത ആറുമാസത്തിനുള്ളിൽ, നാസിക്കിലെ ക്രയോജനിക് പ്ലാന്റിൽ 10 ക്രയോജനിക് റോഡ് ടാങ്കറുകൾ നിർമ്മിക്കും.

മെഡിക്കൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ, ഇന്ത്യൻ ഓയിൽ, സഞ്ജീവനി എക്‌സ്പ്രസ് എന്ന ഏകജാലക സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ഓക്‌സിജൻ വിതരണം ഓരോ നിമിഷവും മോണിട്ടർ ചെയ്യാൻ ഇതുവഴി കഴിയും. ഓക്‌സിജൻ ലഭ്യത, വിതരണം എന്നിവ നിരീക്ഷിക്കാൻ ഗതാഗത മന്ത്രാലയം, എണ്ണ കമ്പനികൾ, കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഈ ആപ് വഴി സാധിക്കും.

ഇന്ത്യൻ ഓയിലിന്റെ കൊറോണ മുൻനിര പോരാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയിട്ടുണ്ട്. പെട്രോൾ പമ്പുകളിലെ ജീവനക്കാർ, എൽപിജി ഡെലിവറി ബോയ്‌സ്, കോൺട്രാക്റ്റ് തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ എന്നിവർക്കും പരിരക്ഷ ഉണ്ട്.

300 കോടി രൂപയാണ് മഹാമാരിക്കെതിരെ ഇന്ത്യൻ ഓയിൽ ഇതിനകം ചെലവഴിച്ചിരിക്കുന്നത്. വാക്‌സിൻ സ്‌റ്റോറേജിനും ട്രാൻസ്‌പോർട്ടേഷനും ഉള്ള കോൾഡ് ചെയിൻ സംവിധാനം ജമ്മു കാശ്മീർ, തമിഴ്‌നാട്, ബീഹാർ, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഐഒസി ലഭ്യമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button