പിഎം കെയേഴ്‌സ് ഫണ്ടിനു കീഴിൽ ലഭിച്ച നൂറുകണക്കിന് വെന്റിലേറ്ററുകൾ ഉപയോഗശൂന്യം; പഞ്ചാബ്
ന്യൂ ഡെൽഹി: പിഎം കെയേഴ്‌സ് ഫണ്ടിനു കീഴിൽ ലഭിച്ച നൂറുകണക്കിന് വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായി കിടക്കുകയാണെന്ന ആരോപണവുമായി പഞ്ചാബിലെ സർക്കാർ ഡോക്ടർമാർ. ലഭിച്ച വെന്റിലേറ്ററുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണെന്നും നന്നാക്കാനാകുന്ന അവസ്ഥയിലുള്ളവയല്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
അമൃത്‌സർ, പട്യാല, ഫരീദ്‌കോട്ട് എന്നിവിടങ്ങളിലെ മൂന്ന് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ ലഭിച്ച വെന്റിലേറ്ററുകളാണ് ഉപയോഗിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. സ്ഥിതി കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും അവ പരിശോധിക്കേണ്ട ആദ്യത്തെ സെറ്റ് എഞ്ചിനീയർമാർ വരും ദിവസങ്ങളിൽ എത്തുമെന്ന് മാത്രമേ അറിയിപ്പ് ലഭിച്ചിട്ടുള്ളൂ എന്ന് ഡോക്ടർമാർ പറയുന്നു.
രോഗികളിൽ ഉപയോഗിക്കുന്നതിനിടെ ഓഫാകുന്ന അനുഭവങ്ങളുണ്ടായിട്ടുള്ളതിനാൽ പ്രവർത്തിക്കുന്ന വെന്റിലേറ്ററുകൾ പോലും ഉപയോഗിക്കാൻ ജീവനക്കാർ മടിക്കുകയാണെന്ന് ഈ മൂന്ന് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ബാബ ഫരീദ് മെഡിക്കൽ സയൻസസിന്റെ വൈസ് ചാൻസലർ ഡോ. രാജ് ബഹാദൂർ ദി പ്രിന്റിനോട് പറഞ്ഞു.
ഫരീദ്‌കോട്ട് മെഡിക്കൽ കോളേജിന് 113 വെന്റിലേറ്ററുകൾ ലഭിച്ചതിൽ 23 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളു, അമൃത്‌സർ മെഡിക്കൽ കോളേജിന് 109 വെന്റിലേറ്ററുകൾ ലഭിച്ചു, അതിൽ 12 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
പട്യാല മെഡിക്കൽ കോളേജിന് 98 വെന്റിലേറ്ററുകൾ ലഭിച്ചു, അതിൽ 48 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത് എന്നും ബാക്കിയുള്ളവ പ്രവർത്തനരഹിതമാണെന്നും ഡോ. രാജ് ബഹാദൂർ പറയുന്നു.