ടൗട്ടെ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മറ്റു ജില്ലകളില്‍ ഓറഞ്ച്
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 9 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്. മഴയും കാറ്റും ഞായറാഴ്ചയും തുടരും. വെള്ളപ്പൊക്കത്തിന് സാധ്യത
ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ തമിഴ്നാട്, കേരള സംസ്ഥാനങ്ങള്‍ക്കായി ഓറഞ്ച് ബുള്ളറ്റിന്‍ പുറത്തിറക്കി. ഇരുസംസ്ഥാനങ്ങളിലും ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കേരളത്തിലെ മണിമല, അച്ചന്‍കോവില്‍ എന്നീ നദികളിലും തമിഴ്നാട്ടിലെ കോഡയാര്‍ നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരും.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ വന്‍തോതില്‍ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മീഷന്‍ വിലയിരുത്തിയത്. അച്ചന്‍കോവിലാറും മണിമലയാറും ചിലയിടത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്.