‘പ്രണയം വിജയിക്കുന്നു’: വത്തിക്കാനെ പരസ്യമായി വെല്ലുവിളിച്ച് സ്വവര്‍ഗ പങ്കാളികളെ ആശിര്‍വദിച്ച് പുരോഹിതര്‍
ക്രൈസ്തവ പുരോഹിതര്‍ക്ക് സ്വവര്‍ഗ ദമ്ബതികളെ ആശിര്‍വദിക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ വത്തിക്കാന്‍ പുറത്തിറക്കിയ ശാസനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് ജര്‍മനിയിലെ പുരോഗമനകാരികളായ കത്തോലിക്കര്‍. ദൈവത്തിന് പാപത്തെ അനുഗ്രഹിക്കാന്‍ കഴിയില്ലെന്ന് കത്തോലിക്കാ പള്ളി പറഞ്ഞതിന് പിന്നാലെയാണ് ‘പ്രണയം വിജയിക്കുന്നു’ എന്ന പേരിലുള്ള മുന്നേറ്റത്തിന് തുടക്കമായത്.
കഴിഞ്ഞ മാര്‍ച്ചില്‍ വത്തിക്കാനില്‍ നിന്ന് ഔദ്യോഗികമായി പുറത്തിറക്കിയ രേഖയില്‍ ദൈവത്തിന് പാപകര്‍മങ്ങളെ ആശിര്‍വദിക്കാന്‍ കഴിയില്ല എന്നതുകൊണ്ട് കത്തോലിക്ക പുരോഹിത സമൂഹത്തിന് സ്വവര്‍ഗ ദമ്ബതികളെ ആശിര്‍വദിക്കാനും കഴിയില്ല എന്ന് പറഞ്ഞിരുന്നു. യാഥാസ്ഥിതിക വിഭാഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചു പുറത്തിറക്കിയ ആ രേഖയോട് ലോകമെമ്ബാടുമുള്ള കത്തോലിക്കരായ എല്‍ ജി ബി ടി ക്യു ജനവിഭാഗം അതൃപ്തി പ്രകടിപ്പിച്ചു. ആ ശാസനത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് ജര്‍മനിയില്‍ നിരവധി പുരോഹിതര്‍ പരസ്യമായി അതിനെ വെല്ലുവിളിക്കുകയും സ്വവര്‍ഗ ദമ്ബതികളെ തുടര്‍ന്നും ആശിര്‍വദിക്കുകയും ചെയ്യുന്നത്.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയില്‍ ജര്‍മന്‍ പുരോഹിതര്‍ സ്വവര്‍ഗ ദമ്ബതികളെ ആശിര്‍വദിക്കുന്നത് കാണാം. സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയ വീഡിയോയ്ക്ക് മിശ്രപ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. നിരവധി ആളുകള്‍ ഈ മുന്നേറ്റത്തെ പിന്തുണച്ചപ്പോള്‍ മറ്റു ചിലര്‍ അതിനോട് വിയോജിപ്പും രേഖപ്പെടുത്തുന്നു. “പ്രണയം വിജയിക്കുന്നു: സ്വവര്‍ഗ ദമ്ബതികളെ ആശിര്‍വദിക്കുന്നതിലൂടെ വത്തിക്കാനെ പരസ്യമായി വെല്ലുവിളിക്കുന്ന ജര്‍മന്‍ പുരോഹിതരെ പരിചയപ്പെടാം” എന്നതാണ് റോയ്‌റ്റേഴ്‌സ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്‌ഷന്‍.
പലയിടത്തും ക്രൈസ്തവ വിശ്വാസികളുടെ ഒത്തുച്ചേരലുകള്‍ സ്വവര്‍ഗ വിവാഹങ്ങള്‍ ആഘോഷിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇത് യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിന് കാരണമായിട്ടുണ്ട്. ഈ മുന്നേറ്റത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ജര്‍മന്‍ പുരോഹിതരും പള്ളികളിലെ ജീവനക്കാരും ചേര്‍ന്ന് സ്വവര്‍ഗ ദമ്ബതികള്‍ക്കും അനുഗ്രഹം നല്‍കണമെന്നും പള്ളികളുടെ പുറത്ത് മഴവില്‍ പതാകകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം സമര്‍പ്പിച്ചിട്ടുണ്ട് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
“മഴവില്ല് ഒരു രാഷ്ട്രീയ പ്രതീകമാണ്”, എന്നാണ് ഹാന്‍സ് ആല്‍ബര്‍ട്ട് ഗങ്ക് എന്ന പുരോഹിതന്‍ പ്രതികരിച്ചത്. ദൈവം തന്റെ സ്നേഹത്തില്‍ നിന്ന് ആരെയും മാറ്റി നിര്‍ത്തുന്നില്ലെന്നും സ്വവര്‍ഗ ദമ്ബതികള്‍ക്ക് ആശിര്‍വാദം നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 42കാരനായ അലക്‌സാണ്ടര്‍ ലാങ്വാള്‍ഡും പങ്കാളിയും ഉള്‍പ്പെടെ നിരവധി സ്വവര്‍ഗ ദമ്ബതികളാണ് അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹം വാങ്ങിയത്. “നമ്മള്‍ രൂപീകരിക്കുന്ന ബന്ധങ്ങള്‍ ഏതൊക്കെയാണ് എന്നതല്ല, മറിച്ച് നമ്മളെല്ലാം ദൈവത്തിന്റെ സൃഷ്ടികളും അതിനാല്‍ തുല്യരും ആണെന്നതാണ് പ്രധാനപ്പെട്ട കാര്യം”, കത്തോലിക്കാ വിശ്വാസിയായി വളര്‍ന്ന ലാങ്വാള്‍ഡ് പറയുന്നു.
വത്തിക്കാന്റെ ശാസനത്തെ തുടര്‍ന്ന് അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന ആക്ടിവിസ്റ്റുകള്‍ വലിയ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കത്തോലിക്കാ സര്‍വകലാശാലകള്‍ തങ്ങള്‍ സ്വവര്‍ഗാനുരാഗികളായ വിദ്യാര്‍ത്ഥികളെ തുടര്‍ന്നും സ്വാഗതം ചെയ്യുമെന്ന് ആവര്‍ത്തിച്ചു വ്യതമാക്കുകയും ചെയ്തു