അന്യസംസ്ഥാന ലോട്ടറി വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവച്ചു; ഇതരസംസ്ഥാന ലോട്ടറികൾ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കോടതി
കൊച്ചി: അന്യസംസ്ഥാന ലോട്ടറികൾ നിരോധിച്ചുകൊണ്ടുളള സർക്കാർ ഉത്തരവിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ സ്‌റ്റേ റദ്ദാക്കി ഡിവിഷൻ ബെഞ്ച്. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികൾ നിയന്ത്രിച്ച് സർക്കാർ ഉത്തരവിറക്കി. ഇതിനെതിരെ സിംഗിൾ ബെഞ്ച് സാന്റിയാഗോ മാർട്ടിന്റെ പാലക്കാട്ടുളള ഫ്യൂച്ചർ ഗെയിം സൊല്യൂഷൻസ് കമ്പനിയ്ക്ക് വിൽപന അനുമതി നൽകി. ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ ഉത്തരവുണ്ടായത്.
നികുതി വെട്ടിച്ചാണ് അന്യസംസ്ഥാന ലോട്ടറികൾ സംസ്ഥാനത്ത് കച്ചവടം നടത്തുന്നത് എന്ന സർക്കാരിന്റെ കണ്ടെത്തലിലാണ് ഇവ നിരോധിച്ച് ഉത്തരവിറക്കിയത്. ഈ വിഷയത്തിൽ സിബിഐ അന്വേഷണവും നടന്നു. നിലവിലെ വിധി സർക്കാരിന് വലിയ ആശ്വാസമാണ്.