ഓക്‌സിജന്‍ ലഭിക്കാതെ മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരണമടഞ്ഞ രോഗികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.
ഓക്‌സിജന്‍ ക്ഷാമം മൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നയം രൂപീകരിക്കാന്‍ കഴിയുമോയെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കോടതി സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല.
നഷ്ടപരിഹാരം നല്‍കുന്നത് നയപരമായ തീരുമാനമാണെന്നും കോടതികള്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ നയവും അനുസരിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. പ്രായോഗിക തീരുമാനം എത്രയും വേഗം എടുത്ത് അപേക്ഷ തീര്‍പ്പാക്കണമെന്നും ബെഞ്ച് പറഞ്ഞു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമം റിപോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മരണങ്ങളും പല സംസ്ഥാനങ്ങളിലും റിപോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 21ന് ശേഷം ഇന്നലെയാണ് രാജ്യത്ത് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയെത്തുന്നത്. അതേസമയം മരണസംഖ്യയില്‍ കുറവില്ല. വാക്സിന്‍ ക്ഷാമം കൊവിഡ് പ്രതിരോധത്തിന് വലിയ തടസ്സമായി തുടരുകയാണ്.