ഇഎംഎസിന് മുകളിൽ ഗൗരിയമ്മയും, പിണറായിക്കു മുകളിൽ ശൈലജ ടീച്ചറും പറക്കില്ല; ചരിത്രം ആവർത്തിക്കപ്പെട്ടു: ശ്യാം രാജ്
ഇടുക്കി: മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ തഴഞ്ഞ വിഷയത്തിൽ പ്രതികരണവുമായി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ്. ചരിത്രം ആവർത്തിക്കപ്പെടുകയാണ്. ഇഎംഎസിന് മുകളിൽ ഗൗരിയമ്മ പറക്കില്ല, പിണറായിക്ക് മുകളിൽ ശൈലജയും പറക്കില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശ്യാംരാജ് പറഞ്ഞു.
പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായു അവർ തന്നെയാണ്. എന്നിരിയ്ക്കിലും, പുതുമുഖങ്ങൾക്ക് അവസരം നൽകിയതാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയായിക്കൂടി പുതിയ ആളെ പരിഗണിച്ചുകൂടായെന്ന സാധാരണക്കാരന്റെ സംശയം ബാക്കിയാകുകയാണ്. ശ്യാംരാജ് കുറിച്ചു.
റെക്കോർഡ് പൂരിപക്ഷത്തിൽ ജയിച്ച കെകെ ശൈലജയെ മന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും പരിഗണിക്കും എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ടേം വ്യവസ്ഥകൾ ഒരാൾക്കുവേണ്ടി മാറ്റിവെയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മിറ്റി ശൈലജയ്ക്ക് മന്ത്രി സ്ഥാനം നിരാകരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ ഏഴ് അംഗങ്ങൾ ഒഴികെ എല്ലാവരും ശൈലജയെ മന്ത്രിയായി പരിഗണിക്കുന്നത് എതിർത്തു.
കെകെ ശൈലജയെ മന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും പരിഗണിക്കാത്തതിൽ സിപിഎം കേന്ദ്ര നേതൃത്വം വിയോജിപ്പ് അറിയിച്ചു. പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം ബൃന്ദാ കരാട്ട് എന്നിവർ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നു.