ഗണേഷ് കുമാർ വിൽപത്രത്തിൽ കൃതൃമം നടത്തിയെന്ന വാദം തള്ളി വിൽപത്രത്തിലെ സാക്ഷി
തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിൽ കെ ബി ഗണേഷ് കുമാർ കൃത്രിമം കാണിച്ചുവെന്ന സഹോദരിയുടെ ആരോപണം തള്ളി സാക്ഷി പ്രഭാകരൻ നായർ രംഗത്ത്. ഗണേഷ് കുമാർ തിരുവനന്തപുരത്ത് ആയിരിക്കുമ്ബോഴാണ് ഒടുവിലത്തെ വിൽപത്രം തയ്യാറാക്കിയതെന്നും രേഖകൾ എഴുതിത്തയ്യാറാക്കിയ ആളും താനും മാത്രമാണ് ബാലകൃഷ്ണപിള്ളയ്ക്ക് ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭാകരൻ നായർ വ്യക്തമാക്കി.
കെബി ഗണേഷ് കുമാറിനെതിരെ മൂത്ത സഹോദരി ഉഷ മോഹൻദാസ് ഉയർത്തിയ ആരോപണത്തിലാണ് വിശദീകരണവുമായി ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ സാക്ഷി പ്രഭാകരൻ നായർ രംഗത്തെത്തിയത്.ആർ ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെച്ചൊല്ലിയുള്ള പരാതികളുമായി ഗണേശിന്റെ സഹോദരി ഉഷ മോഹൻദാസ് ഗണേശിനെതിരെ മുഖ്യമന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഗണേശിന് ആദ്യടേമിലേക്ക് പരിഗണിക്കാത്തത് എന്ന സൂചന നിലനിൽക്കവെയാണ് പുതിയ വെളിപ്പെടുത്തൽ.
അതേസമയം പരാതിയെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്ത ഗണേഷ് കുമാർ രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്ക് ആദ്യ ടേമിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നാണ് പറഞ്ഞത്.ആർ ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയെ കണ്ടത്. രേഖകളിൽ ഗണേഷ് കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. ഇതേകാര്യം ഉഷ കോടിയേരി ബാലകൃഷ്ണന് മുന്നിലും അവതരിപ്പിച്ചിട്ടുണ്ട്.