പ്രതിപക്ഷ നേതൃസ്ഥാനം: 21 കോൺഗ്രസ് എംഎൽഎമാരിൽ 19 പേരും രമേശ് ചെന്നിത്തലയ്ക്കൊപ്പം; വിഡി സതീശന് അദ്ദേഹത്തെ കൂടാതെ മറ്റൊരാളുടെ പിന്തുണ മാത്രം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരാകണമെന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാണ്ട് പ്രതിനിധികൾ എം.എൽ.എ. മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തലയെ പിന്തുണച്ച് 19 എംഎൽഎമാർ. 21 കോൺഗ്രസ് എംഎൽഎമാരിൽ 19 പേരും രമേശ് ചെന്നിത്തല തുടരാണമെന്നാണ് താല്പര്യം അറിയിച്ചത്.
കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയ പോരാട്ടമാണ് അദ്ദേഹത്തെ തുണച്ചത്. നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കമാൻഡ് പ്രതിനിധികളോട് നിർദ്ദേശിച്ചു. എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സ്വയം ഉയർത്തിക്കാട്ടിയ വിഡി സതീശന് അദ്ദേഹത്തെ കൂടാതെ മറ്റൊരാളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
സർക്കാരിന്റെ അഴിമതികൾ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഒറ്റപ്പെടുത്തരുത് എന്ന് ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഘാർഗേ, വി.വൈദ്യലിംഗം എന്നിവരോട് കോൺഗ്രസ് എം.എൽ.എമാരെ അറിയിച്ചു.
കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്താതിരുന്ന ഷാഫി പറമ്ബിൽ എംഎൽഎ ഹൈക്കാമാൻഡ് പ്രതിനിധികളെ ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തലക്ക് പിന്തുണ അറിയിച്ചത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കികൊണ്ടുള്ള പ്രഖ്യാപനം അടുത്ത ദിവസം ഡൽഹിയിൽ നിന്നുമുണ്ടാകും എന്നാണ് വിവരം.