ഒരു വർഷത്തിനുള്ളിൽ 5 കോടി ഡോസ് വാക്‌സിൻ; രാജ്യത്ത് ആദ്യമായി റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ ഉല്പാദിപ്പിക്കാൻ ഒരുങ്ങുന്നു
ബംഗളൂരു: റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ ഉത്പ്പാദനം ആരംഭിക്കാനൊരുങ്ങുന്നു. കർണാടകയിലാണ് രാജ്യത്ത് ആദ്യമായി സ്പുട്‌നിക് വാക്‌സിൻ ഉത്പ്പാദിപ്പിക്കുക. ബേലൂർ വ്യവസായ മേഖലയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനമാണ് വാക്‌സിൻ ഉത്പ്പാദിപ്പിക്കുക.
ഒരു വർഷത്തിനുള്ളിൽ 5 കോടി ഡോസ് വാക്‌സിൻ ഉത്പ്പാദിപ്പിക്കാനാണ് എസ്.ബി.പി.എൽ ലക്ഷ്യമിടുന്നത്. വാക്‌സിൻ ഉത്പ്പാദനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്ബനി അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.റെഡ്ഡീസ് ലബോറട്ടറിയ്ക്ക് വേണ്ടിയാണ് എസ്.ബി.പി.എൽ സ്പുട്‌നിക് ഉത്പ്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനാണ് സ്പുട്‌നിക്കിന്റെ നിർമ്മാണാവകാശമുള്ളത്.
ഡോ. റെഡ്ഡീസിൽ നിന്ന് വാക്‌സിൻ ഫോർമുല ലഭിച്ചാൽ കാലതാമസമില്ലാതെ ഉത്പ്പാദനം ആരംഭിക്കാൻ കഴിയുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്നതിന് പുറമെ രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്റെ ഉത്പ്പാദനം ആരംഭിക്കുന്നതോടെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് വാക്‌സിനെ അപേക്ഷിച്ച് ഇന്ത്യയിൽ ഉത്പ്പാദിപ്പിക്കുന്ന വാക്‌സിന് വില കുറവായിരിക്കും.