Kerala NewsLatest News

ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല, അത്രയേറെ തീവ്രതയോടെ ഉള്ളില്‍ പതിഞ്ഞിട്ടുണ്ട് ആ മാലാഖയുടെ മുഖം” – കെ കെ ശൈലജ

തിരുവനന്തപുരം: ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച്‌ മുന്‍ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന്‍റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ – ശൈലജ കുറിച്ചു. സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്ന് മൂന്നാണ്ട് തികയുകയാണ്.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്

ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം.

ആദ്യഘട്ടത്തില്‍ വൈറസ് ബാധിച്ച 18 പേരില്‍ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകര്‍ച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതല്‍ ആളുകളിലേക്ക് രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.

ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റര്‍ക്ക് രോഗം ബാധിക്കുന്നത്. താന്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിന്‍റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button