ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ നേഴ്‌സുമാരെ ദുബായിൽ എത്തിച്ചശേഷം വഞ്ചിച്ച കേസ്; മൂന്നുപേർ കസ്റ്റഡിയിൽ
കൊച്ചി: അഞ്ഞൂറിലേറെ നേഴ്‌സുമാരെ കൊറോണ വാക്‌സിൻ ഡ്യൂട്ടിക്കെന്ന പേരിൽ പണം വാങ്ങി ദുബായിൽ എത്തിച്ചശേഷം വഞ്ചിച്ച കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. കലൂരിലെ ടെയ്ക് ഓഫ് റിക്രൂട്ടിങ് ഏജൻസി ഉടമ ഫിറോസ് ഖാനെയും ഇയാളുടെ രണ്ട് സഹായികളെയുമാണ് എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിലേക്ക് കടക്കാനായുള്ള ശ്രമത്തിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടുനിന്നാണ് പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. കൊറോണ വാക്‌സിൻ ഡ്യൂട്ടിക്കെന്ന വ്യാജേന നേഴ്‌സുമാർക്ക് വിസിറ്റിങ് വിസ നൽകി വഞ്ചിച്ചെന്ന് കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി റീന രാജൻ നൽകിയ പരാതിയിലാണ് നടപടി. നഴ്‌സുമാരെ ദുബായിൽ എത്തിച്ചശേഷം മസാജ് സെന്ററിലും ഹോം കെയർ ജോലികൾക്കും പോകണമെന്ന് ഭീഷണിപ്പെടുത്തുകയും മുറിയിൽ അടച്ചിടുകയുമായിരുന്നുവെന്നാണ് പരാതി.
കൊറോണ വാക്‌സിൻ നൽകുന്നതിന് യുഎഇയിൽ നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് നേഴ്‌സുമാർ ഏജൻസിയെ സമീപിച്ചത്. 1.5 ലക്ഷം രൂപ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിങ്ങനെയായിരുന്നു വാഗ്ദാനം. സർക്കാർ ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ച് 2.5 ലക്ഷം രൂപ സർവീസ് ചാർജ് വാങ്ങി. എന്നാൽ, മൂന്നുമാസത്തെ വിസിറ്റിങ് വിസയിൽ ദുബായിലെത്തിച്ചശേഷം റിക്രൂട്ടിങ് ഏജൻസി ഒഴിഞ്ഞുമാറുകയായിരുന്നു.
കൊറോണ വാക്‌സിൻ നൽകുന്ന ജോലിയുടെ ഒഴിവ് തീർന്നുവെന്ന് അറിയിച്ച ഇവർ, മറ്റ് ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. കൂട്ടത്തോടെ മുറിയിലിട്ട് പൂട്ടിയെന്നും ഭക്ഷണംപോലും നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് ഫിറോസ് ഖാനെതിരെ നോർത്ത് പോലീസ് മുമ്പും കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി സ്ഥാപനത്തിന്റെ പേര് മാറ്റി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു.