ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് വിൽപന നടത്തിവന്ന രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരു: ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് വിൽപന നടത്തിവന്ന രണ്ടുപേർ അറസ്റ്റിൽ. ശേഷാദ്രിപുരം സ്വദേശി ശിവ ഗണേശ് (39), ബൈട്രായനപുര സ്വദേശി ഭരത് (35) എന്നിവരെയാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ വീടുകളിൽനിന്ന് നാല് ഓക്സിജൻ സിലിണ്ടറുകളും പിടിച്ചെടുത്തു. ഓക്സിജൻ ഉൽപാദിപ്പിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് ഇരുവരും. കമ്പനികളിൽനിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ സിലിണ്ടറുകൾ മോഷ്ടിച്ച് വീട്ടിൽ സൂക്ഷിച്ചായിരുന്നു വിൽപന നടത്തിയത്.
പരമാവധി വിൽപന വിലയുടെ അഞ്ചും ആറും ഇരട്ടി ഈടാക്കിയാണ് ആവശ്യക്കാർക്ക് സിലിണ്ടറുകൾ നൽകിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻറുമാരുടെ സഹായത്തോടെയാണ് ഇരുവരും ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.