Kerala NewsLatest NewsNewsPolitics

സഹായം ചോദിക്കും പിന്നെ തള്ളിപ്പറയും: ഇത്‌ ആര്‍ക്കും യോജിച്ചതല്ല-സതീശനെതിരെ എന്‍എസ്എസ്‌

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ വിമര്‍ശനുമായി എന്‍എസ്‌എസ് രംഗത്ത്. ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്, തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ മത- സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവ നകള്‍ കാണാനിടയായി. ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്ബര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.

പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം-

ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്, തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ മത- സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവ നകള്‍ കാണാനിടയായി. ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്ബര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ മത-സാമുദായികവിഭാഗങ്ങളെയും സംഘടനകളെയും തങ്ങളോടു ചേര്‍ത്തു നിര്‍ത്തിയ അനുഭവമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ മത-സാമുദായികസംഘടനകള്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറ യാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായികസംഘടനകള്‍ക്കും

ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കണം. പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെ.പി.സി.സി.യാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായികസംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെ.പി.സി.സി.യുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്.

ആവശ്യം വരുമ്ബോള്‍ മത-സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല. ഈ തിരഞ്ഞെടുപ്പില്‍ മുന്നണിവ്യത്യാസമില്ലാതെതന്നെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എന്‍.എസ്.എസ്സില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും എതിരായ ഒരു നിലപാട് എന്‍.എസ്.എസ്. സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പുദിവസത്തില്‍ ഉണ്ടായ എന്‍.എസ്.എസ്സിന്റെ അഭിപ്രായപ്രകടനം വിവാദമാക്കിയെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ല.

പ്രതിപക്ഷനേതാവും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി, ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. അതിനുശേഷം താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഒരേ നിലപാടാണ് മുന്നണികളോടും പാര്‍ട്ടികളോടും മേലിലും ഉണ്ടാവൂ. ഗവണ്മെന്റ് ചെയ്യുന്ന നല്ലകാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും, തെറ്റായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യഥാവിധി അവരെ അറിയിക്കുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button