Kerala NewsLatest NewsNational

നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണം; കെ.കെ.ശൈലജ

കൊച്ചി : ലക്ഷദ്വീപിനെ നശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റ് നിയമിച്ചിട്ടുളള അഡ്മിനിസ്‌ട്രേറ്ററും പിന്തിരിയണമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഭൂമിയില്‍ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണം. ഇത് ഒരു നാടിന്‍്റെ ജീവന്മരണ പോരാട്ടമാണെന്നും കെ.കെ.ശൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.കെ.ശൈലജയുടെ പ്രതികരണം .

കുറിപ്പിന്റെ പൂര്‍ണരൂപം……………………….

ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. പ്രകൃതി രമണീയത കൊണ്ടും മനുഷ്യര്‍ തമ്മിലുള്ള വലിയ സ്നേഹവും, ഐക്യവും കൊണ്ടും ലക്ഷദ്വീപ് ആശ്വാസകരം ആയിട്ടുള്ള ഒരു പ്രദേശം ആയി മാറുന്നു.

നേരത്തെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്. അവിടെയുള്ള ജനങ്ങളുടെ നിഷ്കളങ്കമായ സ്നേഹം നേരിട്ട് അനുഭവിക്കാന്‍ സാധിച്ചു. ലക്ഷദ്വീപിലെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആശുപത്രി വളരെ മനോഹരമായും, വൃത്തിയായും സൂക്ഷിച്ചിരുന്നതായി കണ്ടു.

എന്നാല്‍ ഹൈടെക് സംവിധാനങ്ങള്‍ അവിടെ വളരെ കുറവാണെന്നും അത് ലഭ്യമാകേണ്ടതുണ്ടെന്നും ലക്ഷദ്വീപ് നിവാസികള്‍ അന്ന് പറഞ്ഞിരുന്നു. ഉയര്‍ന്ന ചികിത്സയ്ക്ക് കേരളത്തെയാണ് ലക്ഷദ്വീപ് നിവാസികള്‍ ആശ്രയിച്ചുകൊണ്ടിരുന്നത്. എറണാകുളത്ത് ജനറല്‍ ഹോസ്പിറ്റലിലും, എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലും ലക്ഷദ്വീപില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്.

എന്നാല്‍ കടുത്ത അസുഖം ബാധിക്കുന്ന രോഗികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് യാത്രാസൗകര്യങ്ങള്‍ വളരെ പരിമിതമാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഹെലികോപ്റ്ററുകള്‍ ആണ് രോഗികളെ ലക്ഷദ്വീപില്‍ നിന്ന് എറണാകുളത്തേക്കും, തിരിച്ചും എത്തിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ന് ലക്ഷദ്വീപില്‍ ടൂറിസത്തിന്‍്റെ പേരുപറഞ്ഞ് വന്‍കിട മുതലാളിമാര്‍ക്ക് കച്ചവടങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ കൊണ്ടുവരുന്ന കേന്ദ്ര ഗവണ്‍മെന്‍റ് ആദ്യം ചെയ്യേണ്ടത് ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ആശുപത്രി സംവിധാനം അവര്‍ക്ക് ഒരുക്കി കൊടുക്കുകയാണ്. അത്തരത്തില്‍ ജനകീയ കാര്യങ്ങളൊന്നും ചെയ്യാതെ ലക്ഷദ്വീപിനെയും കുത്തക മുതലാളിമാരുടെ കച്ചവട താല്‍പര്യങ്ങള്‍ക്ക്, അവരുടെ ലാഭക്കൊതിക്ക് പാത്രമാക്കാന്‍ തുനിയുകയാണ് കേന്ദ്ര ഗവണ്‍മെന്‍റ്.

ആര്‍ക്കും കേട്ടാല്‍ അത്ഭുതം തോന്നുന്ന രീതിയില്‍ ഏകാധിപത്യപരമായ ചില തീരുമാനങ്ങള്‍ എടുത്തു എന്നതാണ് കേന്ദ്ര ഗവണ്‍മെന്‍റ് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. ലക്ഷദ്വീപില്‍ മദ്യശാലകള്‍ ആരംഭിക്കുന്നതിനും അവിടെയുള്ള ജനങ്ങളുടെ സ്വതസിദ്ധമായ ജീവിതം തകര്‍ക്കുന്ന നടപടികള്‍ എടുക്കുന്നതിനും തയ്യാറായിരിക്കുന്നു

പശുവളര്‍ത്തല്‍ പോലും നിഷേധിച്ചു എന്നതും, ലക്ഷദ്വീപിലെ അംഗന്‍വാടികള്‍ അടച്ചുപൂട്ടി എന്നതും, എല്ലാ സാമൂഹ്യക്ഷേമ നടപടികളും അവസാനിപ്പിക്കുകയാണ് എന്നതും ഖേദകരമാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല എന്ന നിയമം കൊണ്ടുവന്നിരിക്കുകയാണ്. സ്കൂളുകളില്‍ കുട്ടികള്‍ക്ക് മാംസാഹാരം നിഷേധിച്ചു എന്നതും നമ്മുടെ സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. സ്വന്തം സ്വാര്‍ത്ഥ താല്പര്യം ഒരു ജനതയിലാകെ അടിച്ചേല്‍പ്പിക്കാനുള്ള വര്‍ഗീയവാദപരമായിട്ടുള്ള ആശയത്തിന്‍്റെ പ്രതിഫലനം തന്നെയാണ് ഇത്.

കേന്ദ്ര ഗവണ്‍മെന്‍്റിന്‍്റെയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററിന്‍്റെയും നടപടിക്രമങ്ങള്‍ ദ്വീപിനെ വലിയ അപകടത്തിലേക്കാണ് എത്തിക്കുന്നത്. വലിയ ചിട്ടയോടു കൂടിയ പ്രവര്‍ത്തനത്തിന് ഫലമായി കോവിഡ് മഹാമാരിയെ ദ്വീപില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ദ്വീപിലേക്ക് പോകുന്ന എല്ലാവരെയും കൃത്യമായി പരിശോധന നടത്തി മാത്രമാണ് ദ്വീപിലേക്ക് അയച്ചിരുന്നത്. ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുമ്ബോഴും കൃത്യമായി ക്വാറന്റീന്‍ ചെയ്തു രോഗ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ ചികിത്സാ സൗകര്യവും ഒരുക്കിയിരുന്നു. അതിന്‍്റെ ഫലമായി ലക്ഷദ്വീപില്‍ കോവിഡ് ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇത് വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് നാം കണ്ടിരുന്നത്.

ഇപ്പോള്‍ അഡ്മിനിസ്ട്രേറ്ററുടെ ഒത്താശയോടെ ടൂറിസ്റ്റുകളെ യഥേഷ്ടം കടത്തിവിടുകയും ലക്ഷദ്വീപില്‍ അങ്ങിങ്ങായി കോവിഡ് പ്രത്യക്ഷപ്പെടുകയും അത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇത് ലക്ഷദ്വീപ് നിവാസികളോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു കൊണ്ട് മഹാമാരിയെ ലക്ഷദ്വീപില്‍ നിന്ന് തുടച്ചുനീക്കാനുള്ള നടപടിയാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. മനോഹരമായ ഈ പവിഴ ദ്വീപിനെ നശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്‍ന്‍്റും കേന്ദ്ര ഗവണ്‍മെന്‍റ് നിയമിച്ചിട്ടുളള അഡ്മിനിസ്ട്രേറ്ററും പിന്തിരിയണം. നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണം. ഇത് ഒരു നാടിന്‍്റെ ജീവന്‍മരണ പോരാട്ടമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button