മോദിയെ പേടിക്കാതെന്റെ സഖാവെ..! മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണം നടത്തിയപ്പോള്‍ മോദിയെയും അമിത്ഷായുടെയും പേരെടുത്തു പറയാതെ വിമര്‍ശനം നടത്തിയതിനെതിരെയാണ് രാഹുല്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ഇത്തരം പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണം എന്നതാണ് ശക്തമായ അഭിപ്രായം.’ ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശത്തിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ പ്രസക്ത ഭാഗമാണിത്.
ആരാണ് സഖാവെ ഈ ബന്ധപ്പെട്ടവര്‍?
താങ്കള്‍ ഉദ്ദേശിച്ചത് സംഘപരിവാറിന്റെയും, മോദി – ഷാ യുടെയും ആശയങ്ങളുടെ നടത്തിപ്പുകാരനായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ കുറിച്ചാണെങ്കില്‍, എന്താണ് സഖാവെ പേരെടുത്ത് വിമര്ശിക്കുവാന് പേടിക്കുന്നത്? പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, കര്‍ഷക ബില്ലിനെതിരെയും സംസാരിക്കുമ്ബോള്‍ മോദിയെന്നും ഷായെന്നും പേരെടുത്ത് വിമര്‍ശിക്കുവാനുള്ള പേടി നിയമസഭ രേഖകളിലുണ്ട്.
താങ്കളെ സംബന്ധിച്ചിടത്തോളം, അവര്‍ ആനകളാകും, അവരെ പേടിയും കാണും. എന്ന് കരുതി പിണ്ഡത്തെ കൂടി പേടിച്ചാല്ലോ! അവര്‍ ‘ബന്ധപ്പെട്ടവരല്ല ‘ സഖാവെ , ഒരു കാരണവശാലും ഒരു മതേതരവാദി ‘ബന്ധപ്പെടുവാന്‍ പാടില്ലാത്തവരാണ്’. ഒരു നാടിനെയും, ആ നാട്ടിലെ ജനതയെയും, അവരുടെ സംസ്കാരത്തെയും തുടച്ചു നീക്കുവാന്‍ വരുന്ന സംഘപരിവാറിനോട് ബന്ധപ്പെടാതെ, ‘ ആ പണി നടക്കില്ല സംഘപരിവാറെ ‘ എന്ന് തീര്‍ത്ത് പറ സഖാവെ , കേരളം ഒന്നിച്ചു നില്ക്കും നിങ്ങള്‍ക്കൊപ്പം… മോദിയെ പേടിക്കാതെന്റെ സഖാവെ..!