നികുതിപിരിവിലെ കുറവ് ; സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്താൻ രണ്ടാംവർഷവും കേന്ദ്ര സർക്കാർ വായ്പ്പയെടുക്കേണ്ടിവരുമെന്ന് റിപ്പോർട്ട്
ന്യൂ ഡെൽഹി: നികുതിപിരിവിലെ കുറവ് മൂലം സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്താൻ രണ്ടാംവർഷവും കേന്ദ്രസർക്കാരിന് വൻ തോതിൽ വായ്പയെടുക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. നടപ്പ് സാമ്പത്തികവർഷം 1.58 ലക്ഷം കോടി രൂപ (21.7 ബില്യൺ ഡോളർ) അധിക വായ്പയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ചരക്ക് സേവന നികുതി (ജിഎസ്ടി) സമിതി മെയ് 28ന് യോഗം ചേർന്ന് സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ച ചെയ്യും.
2.7 ലക്ഷം കോടി രൂപയോളമാണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യേണ്ടതെങ്കിലും ഈയിനത്തിൽ 1.1 ലക്ഷംകോടി രൂപയാണ് കേന്ദ്രത്തിന് അധികമായി വേണ്ടിവരിക. ധനകമ്മി പരിഹരിക്കാൻ ഈവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ 12 ലക്ഷം കോടി രൂപയ്ക്കു പുറമെയാണിത്.
ബോണ്ട് വാങ്ങൽ പദ്ധതിയിലൂടെ ഒരു ലക്ഷംകോടി രൂപ സമാഹരിച്ച് ഇതുവരെയുള്ള വരുമാന ചോർച്ചയ്ക്ക് ആശ്വാസമേകാൻ റിസർവ് ബാങ്കിന് സാധിച്ചിട്ടുണ്ട്. ബോണ്ട് ആദായം 20 ബേസിസ് പോയന്റ് താഴ്ത്തി 5.97ശതമാനത്തിലെത്തിക്കാനും റിസർവ് ബാങ്കിന് സാധിച്ചു.
ഏപ്രിൽ വരെയുള്ള ഏഴുമാസക്കാലം ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി പിന്നിട്ടിരുന്നു. കൊറോണ വ്യാപനത്തിന്റെ രണ്ടാംതരംഗത്തെതുർന്ന് പലയിടങ്ങളും അടച്ചിട്ടതിനാൽ ഉപഭോഗത്തിൽ കാര്യമായ ഇടിവുണ്ടായതാണ് നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചത്. ജിഎസ്ടി നടപ്പാക്കിയപ്പോഴുള്ള വ്യവസ്ഥപ്രകാരം വരുമാന നഷ്ടമുണ്ടായാൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ്.