മെഹുൽ ചോക്സിയെ വിട്ട് കിട്ടാനുള്ള നടപടിക്ക് സ്റ്റേ; ഇന്ത്യക്ക് തിരിച്ചടി
സെന്റ് ജോൺസ്: പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്നും രക്ഷപെട്ട മെഹുൽ ചോക്സിയെ വിട്ട് കിട്ടാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. ചോക്സിയെ കൈമാറാനുള്ള നടപടി ഡൊമിനിക്ക ഉൾപ്പെട്ട കരീബിയൻ രാജ്യങ്ങളുടെ സുപ്രീം കോടതി സ്റ്റേ ചെയ്തു.
സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഇന്ത്യയിൽ നിന്നും രക്ഷപെട്ട് ആന്റിഗ്വയിൽ കഴിയുന്നതിനിടെ മെഹുൽ ചോക്സി അവിടെ നിന്നും കടന്നുകളയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ വച്ച് പിടിയിലായി. പിടിയിലായ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൺ നിർദ്ദേശിക്കുകയായിരുന്നു. ഇതിനുള്ള ശ്രമങ്ങൾക്കിടെയാണ് കോടതി ഇടപെടൽ.
അതേസമയം കോടതി കേസ് ഇന്ന് പരിഗണിക്കും. കേസിൽ കോടതി വിധി വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൺ പറഞ്ഞു. ചോക്സിക്കായി ഡൊമിനിക്കയിലെ കോടതി അഭിഭാഷകൻ ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
പഞ്ചാബ് നാഷൺബാങ്കിൽ നിന്ന് 13,500 കോടി വായ്പ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സി 2018 ൽ ഇന്ത്യയിൽ നിന്നും രകഷപെട്ട് ആന്റ്വിഗയിൽ എത്തി അവിടെ പൗരത്വം സ്വീകരിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് ചോക്സി കരീബിയൻ ദ്വീപായ ഡൊമിനിക്കയിൽ എത്തി ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.