1978ൽ അടച്ച സ്‌കൂൾ പരിസരത്ത് നിന്ന് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ: സംഭവം കാനഡയിൽ
ടൊറൻ്റോ: കാനഡയിൽ മുൻ റെസിഡൻഷ്യൽ സ്‌കൂളിന്റെ സ്ഥലത്ത് നിന്ന് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവത്തെ ഹൃദയ ഭേദകമെന്ന് വിശേഷിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ ഗോത്രവിഭാഗങ്ങൾക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംലൂപ്‌സ് ഇന്ത്യൻ റസിഡൻഷ്യൽ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിദഗ്ധർ നടത്തിയ അന്വേഷണത്തിലാണ് 1978ൽ അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗം അറിയിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്‌കൂൾ 1978 ൽ അടച്ചുപൂട്ടിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ റഡാർ സ്‌പെഷ്യലിസ്റ്റിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കാനഡയിലെ റെസിഡൻഷ്യൽ സ്‌കൂൾ സമ്പ്രദായം ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് ബലമായി വേർപെടുത്തിയിരുന്നു. ‘സാംസ്‌കാരിക വംശഹത്യ’ ഇവിടെ നിലനിന്നിരുന്നതായി 2015 ൽ പുറത്തുവന്ന ആറ് വർഷത്തെ അന്വേഷണം പറയുന്നു. 1840 മുതൽ 1990 വരെ ഒട്ടാവയ്ക്ക് വേണ്ടി ക്രിസ്ത്യൻ പള്ളികൾ നടത്തിയിരുന്ന സ്‌കൂളുകളിൽ പഠിച്ച 150,000 കുട്ടികളിൽ പലരും അനുഭവിച്ച ശാരീരിക പീഡനം, ബലാത്സംഗം, പോഷകാഹാരക്കുറവ്, മറ്റ് അതിക്രമങ്ങൾ എന്നിവ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്