Kerala NewsLatest NewsUncategorized

കൊറോണ വ്യാപനത്തിനിടയിൽ ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശവുമായി അധ്യാപകർ എല്ലാ വീടുകളിലും എത്തണം; കർശന നിർദ്ദേശവുമായി സർക്കാർ

കൊല്ലം : കൊറോണ മഹാമാരി പടർന്നുപിടിക്കവെ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവുമായി അധ്യാപകർ വീടുവീടാന്തരം കയറിയിറങ്ങണമെന്ന കടുംപിടിത്തവുമായി സർക്കാർ. തിങ്കളാഴ്ചയ്ക്കകം വീടുകളിലെത്തി കുട്ടികൾക്കു നേരിട്ടു സന്ദേശം കൈമാറണമെന്നാണു നിർദേശം.

എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടർമാർ ഇതുസംബന്ധിച്ച കർശന നിർദേശം എഇഒമാർ വഴി സ്കൂളുകൾക്കു നൽകിക്കഴിഞ്ഞു. വീടുകളിൽ എത്തിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വഴി അധ്യാപകർക്കു നൽകുന്നുണ്ട്. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ അധ്യാപകരെ ഈ ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

‘ഒന്നാം ക്ലാസിലേക്കു കടന്നുവരുന്ന വിദ്യാർഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എഇഒ തലത്തിലാണു സ്കൂളുകളിലേക്ക് എത്തിക്കുന്നത്. സ്കൂളുകളിൽ ലഭിക്കുന്ന സന്ദേശം പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, വാർഡംഗങ്ങൾ, അധ്യാപകർ, യുവജന സംഘടനകൾ, ജാഗ്രതാ സമിതി പ്രവർത്തകർ എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ പ്രഥമാധ്യാപകർ ശ്രദ്ധിക്കണം’ എന്നാണു വിദ്യാഭ്യാസ വകുപ്പ് ഉന്നതർ അയച്ചിരിക്കുന്ന സന്ദേശം.

മുഖ്യമന്ത്രിയുടെ സന്ദേശം തിങ്കളാഴ്ചയ്ക്കകം വിദ്യാർഥികളുടെ കയ്യിൽ എത്തിയെന്ന് ഉറപ്പാക്കണമെന്ന കർശന നിർദേശവും കൂട്ടത്തിലുണ്ട്. എല്ലാ പ്രഥമാധ്യാപകരും എഇഒയിൽനിന്ന് ഇന്നുതന്നെ സന്ദേശം ഏറ്റുവാങ്ങണം. വിദ്യാർഥികൾക്കുള്ള അരിവിതരണവും കിറ്റു വിതരണവും സ്കൂളുകളിൽ പൂർത്തിയായി വരുന്നതേയുള്ളൂ. കൊറോണ രൂക്ഷമായ മേഖലകളിൽപ്പോലും അധ്യാപകർ സ്കൂളുകളിലെത്തി അരി- കിറ്റു വിതരണത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു.

ജൂൺ ഒന്നിനു പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പിടിപ്പതു ജോലിയാണ് അധ്യാപകർക്കു ചെയ്തു തീർക്കാനുള്ളത്. പല അധ്യാപകരെയും കൊറോണ ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്. ഇതിനിടയ്ക്കാണ് മുഖ്യമന്ത്രിയുടെ സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങണമെന്ന ഉത്തരവ്. പ്രഥമാധ്യാപകർ എഇഒ ഓഫിസുകളിൽ സന്ദേശം കൈപ്പറ്റാൻ കാത്തു നിൽക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button