ഭർത്താവിനെയും കൊലപ്പെടുത്തിയത് താൻ തന്നെ; കാമുകന്റെ കൊലപാതകത്തിൽ ചോദ്യംചെയ്ത യുവതിയുടെ കുറ്റസമ്മത മൊഴി കേട്ട് പോലീസ് ഞെട്ടി
ഭോപ്പാൽ: കാമുകന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത യുവതിയുടെ കുറ്റസമ്മത മൊഴി കേട്ട് പൊലീസ് ഞെട്ടി. അഞ്ചുവർഷം മുൻപ് ഭർത്താവിനെയും കൊലപ്പെടുത്തിയത് താനാണ് എന്ന് യുവതി കുറ്റസമ്മതം നടത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.പരേതനായ ഭർത്താവിന്റെ സഹോദരനും കാമുകനുമായ മോഹന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് യുവതിയെ ചോദ്യം ചെയ്തത്. പന്നികൾ തിന്ന നിലയിലുള്ള മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മോഹൻ ആണ് എന്ന് തിരിച്ചറിഞ്ഞത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് അഞ്ചുവർഷം മുൻപ് കൊല്ലപ്പെട്ട ഭർത്താവിന്റെ മരണത്തിലും തനിക്ക് പങ്കുണ്ടെന്ന് യുവതി കുറ്റസമ്മതം നടത്തിയത്. അന്ന് ഇപ്പോഴത്തെ കാമുകന്റെ സഹോദരനാണ് കൊലപാതകത്തിന് സഹായിച്ചതെന്നും യുവതി മൊഴി നൽകി. തുടർന്ന് അഞ്ചുവർഷം കഴിഞ്ഞപ്പോൾ കാമുകനെയും യുവതി ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് അഞ്ചുവർഷം മുൻപ് ഇരുവരും ചേർന്ന് ഭർത്താവിനെ കൊന്നത്. ഭർത്താവിനെ കൊന്ന് മൃതദേഹം വീട്ടിനുള്ളിൽ തന്നെ മറവ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയും മകനും ഭർത്താവിന്റെ സഹോദരനൊപ്പം ജീവിക്കാൻ തുടങ്ങി. അടുത്തിടെ ഇരുവരും തമ്മിൽ വഴക്കിട്ടു. ഇതാണ് കാമുകനെയും വകവരുത്താൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മകന്റെ സഹായത്തോടെയാണ് മോഹനനെ കൊലപ്പെടുത്തിയത്. തുടർന്ന് മകനാണ് പുഴയിൽ മൃതദേഹം തള്ളിയതെന്ന് പൊലീസ് പറയുന്നു.