ഡെൽറ്റ വേരിയൻറ് ; ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വകഭേദത്തിന് ലോകാരോഗ്യസംഘടന പേരിട്ടു
ന്യൂഡെൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വകഭേദത്തെ ഇനി മുതൽ ഡെൽറ്റ വേരിയൻറ് എന്ന് വിളിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).
ബി.1.167 കൊറോണ വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് ലേബൽ ചെയ്യുന്നതിനെതിരെ ഇന്ത്യ നേരത്തെ രംഗത്തെത്തിയിരുന്നു. വൈറസുകളോ വേരിയൻറുകളോ കണ്ടെത്തിയ രാജ്യങ്ങളുടെ പേരുകൾ ഉപയോഗിച്ച് തിരിച്ചറിയാൻ പാടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.
കൊറോണ വേരിയൻറുകൾ കണ്ടെത്തുന്ന രാജ്യങ്ങൾക്ക് ദുഷ്പേരുവരുന്ന നടപടികൾ ഉണ്ടാകരുതെന്ന് ഡബ്ല്യുഎച്ച്ഒയുടെ കൊറോണ സാങ്കേതിക വിഭാഗം മേധാവി ഡോ. മരിയ വാൻ കേർഖോവും പറഞ്ഞു. ബി.1.617 വേരിയൻറ് 53 പ്രദേങ്ങളിൽ ബാധിച്ചതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ബി.1.617-നെ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിച്ചതായി കേർഖോവ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. കാരണം സാധാരണ വൈറസിനേക്കാൾ വേഗത്തിൽ പകരുന്നതോ മാരകമായതോ വാക്സിൻ പരിരക്ഷകൾ മറികടക്കുന്നതോ ആണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിലെ വകഭേദത്തിന് വ്യാപനശേഷി കൂടുതലുണ്ടെന്നാണ് കണ്ടെത്തൽ.