Kerala NewsLatest NewsUncategorized
കാർട്ടൂണിസ്റ്റ് ഇബ്റാഹിം ബാദുഷ നിര്യാതനായി
ആലുവ: കാർട്ടൂണിസ്റ്റ് ഇബ്റാഹിം ബാദുഷ (37) നിര്യാതനായി. കൊറോണാനന്തര അസുഖത്തെ തുടർന്നാണ് അന്ത്യം. കൊറോണ നെഗറ്റിവായെങ്കിലും ഇതിനെ പിന്തുടർന്നുണ്ടായ ന്യൂമോണിയയെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലുവ തോട്ടുമുഖം സ്വദേശിയാണ്.
കൊറോണ ബോധവത്ക്കരണം ഉൾപ്പെടെ കാർട്ടൂണുകൾ ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്ന ബാദുഷ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിലും സജീവ പങ്കാളിത്തം വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി കുട്ടികളെ ചിത്രകല അഭ്യസിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലും ചിത്രകലാ ക്ലാസുകൾ നടത്തിയിരുന്നു. കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും കാർട്ടൂൺ ക്ലബ് ഓഫ് കേരള കോർഡിനേറ്ററുമാണ്. ഭാര്യ: ഫസീന. മക്കൾ: ഫനാൻ, ഐഷ, അമാൻ.