ഇസ്രാഈലില്‍ 12 വര്‍ഷത്തെ നെതന്യാഹു ഭരണത്തിന് അവസാനം
ഇസ്രാഈലില്‍ 12 വര്‍ഷത്തെ നെതന്യാഹു ഭരണത്തിന് അവസാനം. മന്ത്രിസഭ രുപീകരിക്കാന്‍ പ്രസിഡന്റ് നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിരിക്കെ പ്രതിപക്ഷത്തിന്റെ നിര്‍ണായക നീക്കത്തിന് വിജയം. പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡിന്റെ നേതൃത്വത്തില്‍ സഖ്യ സര്‍കാര്‍ രൂപീകരിക്കാന്‍ കരാറായി. 8 പാര്‍ടികളുടെ സഖ്യത്തിന് രൂപം നല്‍കിയതായി യെഷ് അതീദ് പാര്‍ടി നേതാവ് യായര്‍ ലാപിഡ് പ്രഖ്യാപിച്ചു.
പുതിയ സര്‍കാര്‍ ഇസ്രാഈലിലെ എല്ലാ പൗരന്മാര്‍ക്കും വോട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രവര്‍ത്തിക്കും. ഇസ്രാഈല്‍ സമൂഹത്തെ ഒന്നിപ്പിക്കാന്‍ അത് എല്ലാം ചെയ്യുമെന്നും ലാപിഡ് കൂട്ടിച്ചേര്‍ത്തു.
സഖ്യസര്‍കാര്‍ രൂപീകരണത്തെ കുറിച്ച് പ്രസിഡന്റ് റുവെന്‍ റിവ് ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. പുതിയ സര്‍കാര്‍ രൂപീകരിക്കാന്‍ ധാരണയിലെത്തിയ ലാപിഡിനെയും മറ്റ് പാര്‍ടി നേതാക്കളെയും പ്രസിഡന്റ് അഭിനന്ദിച്ചു. എത്രയും വേഗം പാര്‍ലമെന്റ് ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും റുവെന്‍ റിവ് ലിന്‍ ട്വീറ്റ് ചെയ്തു.
120 അംഗ സഭയില്‍ മന്ത്രിസഭ രൂപവത്കരണത്തിന് 61 അംഗങ്ങളുടെ പിന്തുണ വേണം. ബെനറ്റിന്റെ യമീന പാര്‍ടിക്ക് ആറു സീറ്റുണ്ട്. പുതിയ സര്‍കാര്‍ പാര്‍ലമെന്റ് ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഇത് ഏഴു മുതല്‍ 12 ദിവസത്തിനുള്ളില്‍ നടക്കും. പ്രതിപക്ഷ സര്‍കാര്‍ രൂപീകരണത്തോടെ ബിന്‍യമിന്‍ നെതന്യാഹു പുറത്താകും.
പ്രതിപക്ഷ നേതാവും യെഷ് അതീദ് പാര്‍ടി നേതാവ് യായര്‍ ലാപിഡ്, തീവ്ര വലതുപക്ഷ കക്ഷിയായ ‘യമീന’യുടെ നേതാവ് നാഫ്റ്റലി ബെനറ്റ്, അറബ് ഇസ് ലാമിറ്റ് റാം പാര്‍ടി നേതാവ് മന്‍സൂര്‍ അബ്ബാസ് അടക്കമുള്ളവരാണ് കരാറില്‍ ഒപ്പിട്ടത്. ഇസ്രാഈലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തെ 21 ശതമാനം ഫലസ്തീന്‍ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു അറബ് പാര്‍ടി സഖ്യ സര്‍കാരിന്റെ ഭാഗമാകുന്നത്. നെതന്യാഹുവിന്റെ സഖ്യകക്ഷി സര്‍കാരില്‍ പ്രതിരോധ മന്ത്രിയായിരുന്ന നാഫ്റ്റലി ബെനറ്റി പുതിയ ധാരണപ്രകാരം ആദ്യ രണ്ടു വര്‍ഷം പ്രധാനമന്ത്രിയാകും. തുടര്‍ന്ന് ലാപിഡിന് അധികാരം കൈമാറും.
രണ്ടു വര്‍ഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളെയാണ് ഇസ്രാഈല്‍ ജനത അഭിമുഖീകരിച്ചത്. 2019 ഏപ്രില്‍, സെപ്റ്റംബര്‍, 2020 മാര്‍ച് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ടിക്കും സര്‍കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി നെതന്യാഹു തന്റെ രാഷ്ട്രീയ എതിരാളിയും ഇസ്രാഈല്‍ റെസിലിയന്‍സ് പാര്‍ടി നേതാവുമായ ബെന്നി ഗാന്റസുമായി ചേര്‍ന്ന് സഖ്യസര്‍കാരിന് രൂപം നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ബെന്നി ഗാന്റ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2021 ബജറ്റ് ഇപ്പോള്‍ വേണ്ടെന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. ഇതോടെ അഭിപ്രായ ഭിന്നതയില്‍ ബജറ്റ് പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നെതന്യാഹുവിന്റെ സഖ്യ സര്‍കാര്‍ നിലംപതിച്ചു.