Kerala NewsLatest NewsLife StyleUncategorized

വർഷങ്ങളായി യഹിയ ചേട്ടൻ ഇങ്ങനെയാണ്… ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം

പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം എല്ലാവരുടെയും ശ്രദ്ധയാകർഷിയ്ക്കുകയാണ്. എസ് ഐ യെ കണ്ടപ്പോൾ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണത്താൽ എസ് ഐ മുഖത്തടിച്ചതിൽ പ്രതിഷേധിച്ച് അന്ന് മുതൽ മുണ്ട് ഉപേക്ഷിച്ചു. കക്ഷി കൊല്ലം കടയ്ക്കൽ സ്വദേശിയായ യഹിയയാണ്. വിശാലമായ ഇരിപ്പിടമോ, വെളിച്ചമോ, ഒന്നും തന്നെ ഇല്ലാത്ത ഒരു ചെറിയ ചായക്കടയിലാണ് ഈ പച്ചയായ മനുഷ്യന്റെ ജീവിതം മുന്നോട് പോകുന്നത്. പക്ഷെ വയറും, മനസ്സും നിറയ്ക്കുന്ന മായം ചേർക്കാത്ത രുചികരമായ ആഹാരവും അത് സ്നേഹത്തോടെ വിളമ്പിത്തരാൻ യഹിയയുടെ കടയിൽനിന്നും ലഭിയ്ക്കും. ജീവിത സാഹചര്യങ്ങളേയും നേരിടേണ്ടി വന്ന യഹിയയുടെ കഥ ആനന്ദ് ബെനഡിക്ട് ആണ് സോഷ്യൽ മീഡിയക്ക് മുമ്പാകെ വച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ വായിക്കാം:

ഇതൊരു വ്യത്യസ്തനായ പച്ചയായ ഒരു സാധുമനുഷ്യന്റെ കഥയാണ്..
ഒരു പക്ഷെ നിങ്ങളിൽ കുറച്ചു പേരെങ്കിലും ഈ മനുഷ്യനെ കുറിച്ച് കേട്ടിരിക്കും. അറിയാത്തവർക്കായി എഴുതുകയാണ്..
കേൾക്കുമ്പോൾ തമാശയായി തോന്നാവുന്ന ആ ജീവിതത്തെകുറിച്ച് …
കൊല്ലത്തു കടയ്ക്കൽ മുക്കുന്നം സ്വദേശിയാണ് യഹിയാക്ക. പതിമൂന്ന് മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഒരംഗം. ഒന്നാം ക്ലാസ്സിൽ തന്നെ പഠനം ഉപേക്ഷിച്ചു പല പല ജോലികൾ ചെയ്യേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം.
തെങ്ങുകയറ്റവും, കൂലിപ്പണിയുമായി വർഷങ്ങളോളം ജീവിതം തട്ടിമുട്ടി മുന്നോട്ട് പോയെങ്കിലും ആ വരുമാനം കൊണ്ട് മക്കളെ കെട്ടിച്ചയക്കാൻ പറ്റില്ല എന്ന യാഥാർഥ്യം മനസിലാക്കി ഉള്ളതെല്ലാം വിറ്റുപെറുക്കി ഗൾഫിലേക്ക് പോയെങ്കിലും നിരക്ഷരനായ ഇക്കയെ കാത്തിരുന്നത് ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥയായിരുന്നു, ആ മണലാരണ്യങ്ങളിൽ..
അവിടെ നൂറുകണക്കിന് ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുക എന്നതായിരുന്നു ജോലി. കഷ്ടിച്ചുള്ള വെള്ളം മാത്രമായിരുന്നു അറബി എത്തിച്ചിരുന്നത്. അതിൽ നിന്ന് ഒരു തുള്ളി വെള്ളം എടുത്താൽ മൃഗീയമായ മർദ്ദനമുറകളായിരുന്നു. അതുകൊണ്ട് തന്നെ കുളിക്കാതെയും നനയ്ക്കാതെയും പല്ല് തേക്കാതെയും വർഷങ്ങളോളം അയാൾ ആ മരുഭൂമിയിൽ കിടന്നു നരകജീവിതം നയിച്ചു.
ഒടുവിൽ അവിടെ നിന്നും ആരുടെയൊക്കെയോ സഹായം കൊണ്ട് രക്ഷപ്പെട്ടു തിരികെ നാട്ടിലേക്ക് തന്നെ മടങ്ങി. കയ്യിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യവും സഹകരണബാങ്കിന്റെ വായ്‌പ്പായുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. ഉപജീവനത്തിനായി ഒരു തട്ടുകടയും, പിന്നീട് ചെറിയൊരു ചായക്കടയുമായി അത് വികസിച്ചു.
ഊണിന് 10രൂപ
ഒരു പ്ലേറ്റ് കപ്പക്ക് 10രൂപ
ഹാഫ് പ്ലേറ്റ് ചിക്കൻ കറിക്ക്‌ 40രൂപ
അങ്ങനെ ആകെ 60രൂപ കയ്യിലുണ്ടെങ്കിൽ കുശാൽ.
ഇനിയുമുണ്ട് യഹിയാക്കയുടെ ധാരാളം ഓഫറുകൾ..
അഞ്ച് ചിക്കൻകറിക്ക്‌ ഒരു ചിക്കൻകറി ഫ്രീ..
പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ.
ദോശക്ക് 4രൂപ, ചായയ്ക്ക് 5 രൂപ.
കടയിലെ എല്ലാ ജോലികളും യഹിയാക്ക തനിച്ചു തന്നെ ചെയ്യും. പായ്ക്കറ്റിൽ വരുന്ന മസാലകളൊന്നും ഉപയോഗിക്കാറില്ല. വറുക്കുന്നതും പൊടിക്കുന്നതുമെല്ലാം ഒറ്റയ്ക്ക്. ഒരു ദിവസം ഉപയോഗിച്ച എണ്ണ പിറ്റേ ദിവസം ഉപയോഗിക്കില്ല.
വലിയ ലാഭമോ, പണം സമ്പാദിക്കണമെന്നോ ഒന്നും ആ മനുഷ്യന് ആഗ്രഹമില്ല. ചിലവൊക്കെ കഴിഞ്ഞ് ഒരു 500രൂപ കിട്ടിയാൽ മതി, സന്തോഷം..
അങ്ങനെ ജീവിതം പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആണ് കവലയിൽ വെച്ച് S. I. യെ കണ്ടപ്പോൾ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണത്താൽ S. I മുഖത്തടിച്ചത്. അന്ന് മുതൽ മുണ്ട് ഉപേക്ഷിച്ചു വേഷം നൈറ്റി ആക്കി.
ഇയാൾക്കെന്താ വട്ടുണ്ടോ..
നാട്ടുകാരിൽ പലരും കളിയാക്കി പറഞ്ഞപ്പോഴും അയാൾ സ്വന്തം നിലപാടിൽ നിന്നും ഒരു സ്റ്റെപ് പോലും പിന്നോട്ട് പോയില്ല.
പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം ആയിരുന്നു അത്.
ഒടുവിൽ നാടും വീടും കുടുംബക്കാരും അംഗീകരിച്ച വേഷമായി അത് മാറി.
യഹിയയ്ക്ക് ജീവിതത്തിൽ ഒരു ശാസ്ത്രമേ ഉള്ളൂ. മരിക്കുന്നത് വരെ അദ്ധ്യാനിച്ചു തന്നെ ജീവിക്കണം..
യഹിയ്ക്കയുടെ ചായക്കടയിൽ പ്രകാശം പരത്തുന്ന Led ബോർഡുകളോ, വിശാലമായ ഇരിപ്പിടങ്ങളോ ഒന്നും ഇല്ല. പക്ഷെ വയറും, മനസ്സും നിറയ്ക്കുന്ന മായം ചേർക്കാത്ത രുചികരമായ ആഹാരവും അത് സ്നേഹത്തോടെ വിളമ്പിത്തരാൻ യഹിയാക്കയുടെ കൈകകളും ഉണ്ട്..
എല്ലാ വിധ ആശംസകളും
നേരുന്നു …

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button