ബജറ്റിലെ പല പ്രഖ്യാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നത്; ധനമന്ത്രി രാഷ്ട്രീയം കുത്തിനിറച്ചു- വി ഡി സതീശൻ
തിരുവനന്തപുരം: ബജറ്റ് പ്ര്യഖ്യാപനങ്ങളിൽ അവ്യക്തതയുണ്ടെന്നും പല പ്രഖ്യാപനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സർക്കാറിന്റെ ബജറ്റും നയപ്രഖ്യാപനവും തമ്മിൽ രാഷ്ട്രീയത്തിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. നയപ്രഖാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. ബജറ്റിന്റെ പവിത്രത തകർക്കുന്ന തരത്തിൽ രാഷ്ട്രീയം നിറച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രതിപക്ഷം നിർദേശിച്ച ചില കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയതിന് നന്ദിയുണ്ടെന്നും സതീശൻ പറഞ്ഞു. മൂന്നാം കൊവിഡ് തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇപ്പോൾ നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം അംഗീകരിക്കപ്പെട്ടു.
പുതിയ നികുതി നിർദേശങ്ങളൊന്നുമുണ്ടായില്ല. ഒന്നാം ഉത്തേജന പാക്കേജ് മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു. 20,000 കോടിയുടെ ഉത്തേജന പാക്കേജ് അധിക ചെലവാണ്. നീക്കിയിരിപ്പായി 5,000 കോടിയുണ്ടെന്നത് ബജറ്റിൽ കണ്ടില്ല. കാപട്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബജറ്റാണിതെന്നും സതീശൻ പറഞ്ഞു.